കേരള സാങ്കേതിക സര്‍വ്വകലാശാല

കേരള സാങ്കേതിക സര്‍വ്വകലാശാല (മനോരമ ലേഖനം)

(Uncut version)

കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഒരു  ഫാസ്റ്റ്ഫു‍ഡ് (കെ . എഫ്. സി) റെസ്റ്റോറന്‍റില്‍ കയറിയപ്പോള്‍ ഭക്ഷണം എടുത്ത് കൊടുക്കാനിരിക്കുന്ന ഒരു യുവാവിന്‍റെ മുഖം വികസിക്കുന്നത് ഞാന്‍ കണ്ടു.  ഭക്ഷണത്തിന് ഓഡര്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ അവന്‍ സൗമ്യനായി പറഞ്ഞുസര്‍, ഞാനങ്ങയുടെ സ്റ്റു‍ഡന്‍റാണ്“.  പല ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതുകൊണ്ട് അവനെ തിരിച്ചറിയാന്‍ സാധിക്കാത്തതിന്‍റെജാള്യത എനിക്കുണ്ടായെങ്കിലും, ബി.ടെക്കിനു പഠിക്കുന്ന എന്‍റെ ഒരു വിദ്യാര്‍ത്ഥി വൈകുന്നേരങ്ങളില്‍ ജോലിചെയ്ത് പഠനത്തിനുള്ള പണം സന്പാദിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി.  ജോലികഴിഞ്ഞ് രാത്രിയില്‍ ഹോസ്റ്റലില്‍ തിരിച്ചുകയറാനുള്ള സമയം അരമണിക്കൂര്‍ നീട്ടിക്കൊടുക്കാമെന്ന ഉറപ്പുകൊടുത്ത് അവിടെ നിന്നും ഇറങ്ങുന്പോള്‍ പത്തുവര്‍ഷം മുന്‍പ് ഓസ്ട്രേലിയായിലെ എന്‍റെ പഠനകാലമാണ് എനിക്ക് ഓര്‍മ്മ വന്നത്.  മറ്റ് വിദ്യാര്‍ത്ഥികളെ പോലെ അന്ന് ഷോപ്പ് കീപ്പറായും, കിച്ചണ്‍ ഹാന്‍ഡായും (അടുക്കള സഹായി) ജോലി ചെയ്യുവാന്‍ അവസരം കിട്ടിയപ്പോള്‍, അത്തരത്തിലുള്ളൊരു തുറവിയും, മനോഭാവങ്ങളിലെ മാറ്റങ്ങളും കേരള സമൂഹത്തില്‍ അടുത്തകാലത്തെങ്ങുമുണ്ടാകുമെന്ന് ഞാന്‍ കരുതിയതല്ല.  പക്ഷെ അത് സംഭവിക്കുന്നത് ആ യുവാവിന്റെ ‍ കണ്ണുകളിലൂടെ ഞാന്‍ കണ്ടു.  അതുപോലെ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമായിരുന്നു അവിടുത്തെ എം. ടെക്. പഠനകാലത്ത് ബാച്ചിലര്‍ വിദ്യാര്‍ത്ഥികളെയും താഴ്ന്ന സെമസ്റ്ററിലെ വിദ്യാര്‍ഥികളെയും പഠിപ്പിക്കുവാനും, ലാബുകളില്‍ സഹായിക്കുവാനും യൂണിവേഴ്സിറ്റിയില്‍ കിട്ടിയ അവസരങ്ങള്‍.  കേരളത്തില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് ഞാന്‍ കരുതിയ അത്തരത്തിലുള്ള പലമാറ്റങ്ങള്‍ക്കും കേരളസമൂഹം സാക്ഷ്യം വഹിക്കുവാന്‍ പോവുകയാണ്കേരള സാങ്കേതിക സര്‍വ്വകലാശാലയിലൂടെ.

                     ഈ വര്‍ഷം എന്‍ട്രന്‍സ് പരീക്ഷയെഴുതി എഞ്ചിനീയറിങ് പഠനത്തിനൊരുങ്ങുന്ന കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും, അവര്‍ ഏത് എഞ്ചിനീയറിങ് കോളേജില്‍ ചേര്‍ന്നാലും, കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലായിരിക്കും (കെ. ടി. യു.) പുതിയ അദ്ധ്യയനവര്‍ഷം പഠനമാരംഭിക്കുന്നത്.  ഇതിന് അപവാദമുള്ളത് കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകള്‍ നേരിട്ട് നടത്തുന്ന ഏഴുകോളേജുകള്‍ മാത്രമായിരിക്കും.  അവ അതത് സര്‍വ്വകലാശാലകളില്‍ തന്നെ നിലനില്‍ക്കും.  ഒരുപക്ഷെ, കേരളത്തില്‍ പ്ലസ്ടു സന്പ്രദായം അവതരിപ്പിച്ചതിനുശേഷം, വിദ്യാഭ്യാസമേഖലയില്‍  സംഭവിക്കുന്ന ഏറ്റവും സമഗ്രവും ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്നതുമായ ഈ മാറ്റം, കേരളപൊതുസമൂഹം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്നത് സംശയകരമാണ്.  

                    ഗവണ്‍മെന്‍റ് ഉടമസ്ഥതയിലും അല്ലാതെയുമുള്ള നൂറ്റി അന്‍പത്തിയേഴ് (157) എഞ്ചിനീയറിങ്ങ് കോളേജുകള്‍ കെ.ടി.യു. വിന്‍റെ ഒരു കുടക്കീഴില്‍ അണി നിരക്കുന്നത് കൊണ്ട് ഒരു ഏകശില സന്പ്രദായമാണ് ഇത് വിഭാവനം ചെയ്യുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും, ഓരോ കോളേജുകളുടേയും  വ്യതിരിക്തമായശൈലികളെയും, കഴിവുകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് സര്‍വ്വകലാശാല അധികാരികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ട് തന്നെ കെ. ടി. യു. നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ പഠിച്ച കോളേജിന്‍റെ പേരുമുണ്ടാകും.  ഇത് കോളേജുകള്‍ തമ്മില്‍ അക്കാദമിക, ഗവേഷണ നിലവാരമുയര്‍ത്താന്‍ ഗുണപരമായൊരു മത്സരത്തിന് വഴിതുറക്കുമെന്നതില്‍ സംശയമില്ല.  അതുപോലെ തന്നെ, ബി. ടെക് വിജയശതമാനം മുതലായ ഏകകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ എഞ്ചിനീയറിങ് കോളേജുകളെയും പരസ്പരം താരതമ്യം ചെയ്ത് കാണുവാനുള്ള ഒരവസരവും ആദ്യമായി കെ. ടി. യു. വിലൂടെ സാധ്യമാകും.

ഭാവിയിലേക്ക് കൈയുന്നി ഒരു ബി ടെക്

                                    ഈ വര്‍ഷം ബി. ടെകിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി അനുഭവപ്പെടുന്ന പ്രകടമായ മാറ്റം ഒന്നാം വര്‍ഷംതന്നെ രണ്ട് സെമസ്റ്ററുകള്‍ ഉണ്ടാകും എന്നതുള്ളതാണ്.  ഇതുവരെയും ഒന്നും രണ്ടും സെമസ്റ്ററുകള്‍  ഒരു യൂണിറ്റായാണ് ഒന്നാം വര്‍ഷം നടത്തിയിരുന്നത്.  അതോടൊപ്പം തന്നെ ഫിസിക്സ്, കെമിസ്ട്രി ലാബുകള്‍ ഒന്നാം വര്‍ഷം നിര്‍ബന്ധമാക്കപ്പെടും.  വിദേശ സര്‍വ്വകലാശാലകളില്‍  ഉള്ളതുപോലെ ക്രെഡിറ്റ് സിസ്റ്റമാണ് കെ. ടി. യു. വിഭാവനം ചെയ്യുന്നത്.  എട്ടു സെമസ്റ്ററിലെ ബി. ടെക്. പഠനം വി‍ജയകരമായി പൂര്‍ത്തീകരിക്കുവാന്‍ 180 അക്കാദമിക ക്രെഡിറ്റുകളും രണ്ട് പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ക്രെ‍ഡിറ്റുകളും വിദ്യാര്‍ത്ഥികള്‍ നേടണം.  ഒരു സെമസ്റ്ററിലെ ഓരോ വിഷയത്തിനും അതിലുള്ള ക്ലാസ് സമയത്തിന്‍റെയും, ലാബുകളുടേയും അടിസ്ഥാനത്തില്‍, വ്യത്യസ്ഥമായ ക്രെഡിറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേടുവാന്‍ സാധിക്കുന്നത്.  ഒരു പരിധിവരെ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് തങ്ങള്‍ പഠിക്കേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്ന ഈ സന്പ്രദായത്തില്‍ അല്‍പം ശ്രദ്ധയോടെ വേണം വിദ്യാര്‍ത്ഥികള്‍ അവ തിരഞ്ഞെടുക്കുവാന്‍.

                                ലാബ് പരീക്ഷകളില്‍ നിന്നും ഫെയര്‍ റെക്കോഡുകള്‍ അപ്രത്യക്ഷമാകും.  ഐ ഐറ്റികളില്‍ ഉള്ളതുപോലെ, ഓരോ ലാബുകഴിയുന്ന മുറയ്ക്ക് അതിന്‍റെ റെക്കോഡ് വിദ്യാര്‍ത്ഥികള്‍ പൂര്‍ത്തീകരിക്കുകയും അദ്ധ്യാപകരില്‍ നിന്നും ഒപ്പിട്ട് വാങ്ങുകയും ചെയ്യേണ്ടിവരും.  ഒരു വിഷയം പാസാകണമെങ്കില്‍ സെമസ്റ്റര്‍ പരീക്ഷയ്ക്ക് 45% മാര്‍ക്കും, സെമസ്റ്റര്‍ പരീക്ഷയും, ഇന്‍ടേണല്‍ മാര്‍ക്കുമുള്‍പ്പെടെ മൊത്തം വിഷയത്തിന് 50% മാര്‍ക്കും ലഭിക്കേണ്ടിവരും.  അതോടൊപ്പം തന്നെ, വിഷയത്തിന്‍റെ സ്വഭാവം അനുസരിച്ച് ചില പരീക്ഷകള്‍ പാഠപുസ്തക സഹായത്തോടെ എഴുതുവാനുള്ള (open book) നിര്‍ദ്ദേശവും കെ. ടി. യു മുന്നോട്ടു വയ്ക്കുന്നുണ്ട്.  

                                മിടുക്കന്മാരായ ബി. ടെക്. വിദ്യാര്‍ത്ഥികള്‍ക്ക് പി. എച്ച്. ഡി. ഗവേഷണത്തിനുംമറ്റും നേരിട്ട് വഴിയൊരുക്കുവാന്‍ അന്തര്‍ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളഓണേഴ്സ്കോഴ്സുകളും കെ.ടി.യു. അവതരിപ്പിക്കുന്നുണ്ട്.  നാലാമത്തെസെമസ്റ്റര്‍ കഴിയുന്പോള്‍ അതുവരെയും നല്ല റിസള്‍ട്ടുള്ള ഒരു വിദ്യാര്‍ത്ഥിക്ക് വേണമെങ്കില്‍ തന്‍റെ ബി.ടെക്. ഡിഗ്രി ബി.ടെക് (ഓണേഴ്സ്) ഡിഗ്രിയാക്കി ഉയര്‍ത്താന്‍ അപേക്ഷിക്കാം, കൂടുതലായി പന്ത്രണ്ടുക്രെ‍ഡിറ്റുകള്‍ കൂടെ നേടുവാനുള്ള മനസുണ്ടാകണമെന്നുമാത്രം.  അതുപോലെ തന്നെ ഈ നാലാം സെമസ്റ്ററിനുശേഷം, ഒരു പുതിയ സംരംഭം തുടങ്ങുവാനോ, ഏതെങ്കിലുമൊരു പ്രത്യേകഗവേഷണം നടത്തുവാനോ ഒരു വര്‍ഷംവരെ അവധിയെടുക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടാകും.  ഇത്തരം സംരംഭകപ്രവര്‍ത്തനങ്ങളും എന്‍. എസ്. എസ്. പോലെയുള്ള പൊതുപ്രവര്‍ത്തനങ്ങളും പാഠ്യേതര ക്രെഡിറ്റുകള്‍ നേടുവാനുള്ള പോയിന്‍റുകളിലേക്ക് വരവു വയ്ക്കുകയും ചെയ്യും.  ഇത്തരം നിര്‍ദ്ദേശങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിവികാസവും പ്രവര്‍ത്തനോന്മുഖമായ വിദ്യാഭ്യാസപരിശീലനവുമാണ് കെ. ടി. യു. ലക്ഷ്യമിടുന്നത്.

കാര്യക്ഷമമാകുന്ന  മൂല്യനിര്‍ണ്ണയം

   മൂല്യനിര്‍ണ്ണയത്തിനായി ദ്വിതല സന്പ്രദായം വിഭാവനം ചെയ്യുന്ന പുതിയ സര്‍വ്വകലാശാലയില്‍ ഫസ്റ്റ്ക്ലാസും  ഡിസ്റ്റിങ്ഷനുമെല്ലാം അപ്രത്യക്ഷമാകും, പകരം ഗ്രേഡിങ്ങ് സന്പ്രദായം വരും.  ക്ലാസ്സുകള്‍ എടുക്കുന്ന അദ്ധ്യാപകര്‍ തന്നെ ഉത്തരക്കടലാസ് നോക്കുന്നതിനോടൊപ്പം, മറ്റു കോളേജിലെ ഒരദ്ധ്യാപകന്‍ കൂടി ഉത്തരകടലാസ് പരിശോധിക്കുന്ന ദ്വിതല സന്പ്രദായത്തിലൂടെ കൂടുതല്‍ കണിശമായ ഗുണനിലവാരം സര്‍വ്വകലാശാലയ്ക്ക് ഉറപ്പുവരുത്താനാകും.  ഉത്തരകടലാസുകള്‍ പൂര്‍ണ്ണമായും കംപ്യൂട്ടറില്‍ സ്കാന്‍ ചെയ്ത്, ഒരു ഡിജിറ്റല്‍ കോപ്പിയായിട്ടായിരിക്കും മൂല്യപരിശോധനയ്ക്ക് അയയ്ക്കുക.  പരീക്ഷകഴിഞ്ഞ് മൂന്നാം പക്കം അദ്ധ്യാപകര്‍ മൂല്യപരിശോധന തീര്‍ത്ത് റിസള്‍ട്ട് പ്രഖ്യാപിച്ചിരിക്കണം എന്നതാണ് കെ. ടി. യു. കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.  ഇത് അടുത്ത സെമസ്റ്റര്‍ തുടങ്ങുന്നതിനുമുന്പുതന്നെ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു പരീക്ഷയ്ക്ക് കൂടെ ഇരിക്കുവാനുള്ള അവസരം ഒരുക്കികൊടുക്കും.  പക്ഷെ നിശ്ചിത ക്രെഡിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തസെമസ്റ്ററില്‍ ഇരിക്കുവാന്‍ സാധിക്കയില്ല.  ഇതുവഴി, പഠിക്കുവാനുള്ള ഉത്തരവാദിത്വം കൂടുതലായി വിദ്യാര്‍ത്ഥികളിലേക്ക് കൈമാറ്റപ്പെടും.

എം. ടെക്. പഠനം നിയന്തിത അക്കാദമിക സ്വയംഭരണത്തിലേക്ക്

ഒരു പക്ഷെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുവാന്‍ പോകുന്നത് എം. ടെക്. പഠനരംഗത്താണ്.  കോളേജുകള്‍ക്കും കോളേജുകള്‍ ചേര്‍ന്നുള്ള ക്ലസ്റ്ററുകള്‍ക്കും പരമാവധി അക്കാദമിക സ്വയംഭരണം നല്‍കുന്ന സമീപനമാണ് കെ . ടി. യു. സ്വീകരിച്ചിരിക്കുന്നത്.  ഇലക്ടീവ് വിഷയങ്ങള്‍ പൂര്‍ണ്ണമായും തന്നെ രൂപകല്‍പ്പന ചെയ്യുവാനും നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഓരോ കോളേജിനുമുണ്ടാകും.  പ്രധാനപ്പെട്ട കോര്‍ വിഷയങ്ങള്‍ നിശ്ചയിക്കുന്നതും രൂപകല്‍പ്പനചെയ്യുന്നതും പത്തോളം എഞ്ചിനീയറിംഗ് കോളേജുകളെ ചേര്‍ത്ത് മേഖലാടിസ്ഥാനത്തില്‍ രൂപീകരിച്ചിരിക്കുന്ന ക്ളസ്റ്ററുകളിലായിരിക്കും.  ഓരോ ക്ലസ്റ്ററിനെയും നയിക്കുവാന്‍ ഐ. . ടി. പ്രൊഫസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതികളെ നിയമിച്ചുകഴിഞ്ഞു.  അനതിവിദൂര ഭാവിയില്‍ കെ. ടി. യു. വിന്‍റെ കീഴിലുള്ള കോളേജുകളെ സന്പൂര്‍ണ്ണ അക്കാദമിക സ്വയംഭരണത്തിലേക്ക് നയിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.  ലേഖനത്തിന്‍റെ ആദ്യമേ സൂചിപ്പിച്ചതുപോലെ എം. ടെക്. വിദ്യാര്‍ത്ഥികളെ കോളേജിലെ അദ്ധ്യാപനരംഗത്ത് പരമാവധി പങ്കെടുപ്പിക്കുവാനുള്ള തുറവിയും കെ. ടി. യു. കാണിക്കുന്നുണ്ട്.  യോഗ്യരായ എം. ടെക് വിദ്യാര്‍ത്ഥികള്‍ക്ക്  താഴ്ന്ന സെമസ്റ്ററുകളിലേയും, ബി. ടെക്. ക്ലാസ്സുകളിലെയും ലാബുകളിലും, ട്യൂട്ടോറിയല്‍ ക്ലാസ്സുകളിലും അധ്യാപകരെ സഹായിച്ചു പഠനത്തോടൊപ്പം പരിശീലനം നേടുവാനും പോക്കറ്റ്മണി സന്പാദിക്കുവാനും ഇതുമൂലം സാധിക്കും.

സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ അന്തര്‍ദേശീയവത്കരണം

മെട്രോ റെയിലും, ലൈറ്റ് റെയിലും, സ്മാര്‍ട്ട്  സിറ്റികളുമൊക്കെയായി ആധുനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൊച്ചുകേരളത്തിന്‍റെ മനോഹാരിതയിലേയ്ക്ക് വിദേശവിദ്യാര്‍ത്ഥികള്‍ സാങ്കേതികപഠനത്തിനായി കടന്നുവരുന്ന സാഹചര്യമുണ്ടാകണമെന്ന് കെ.ടി.യു. ആഗ്രഹിക്കുന്നുണ്ട്.  തമിഴ്നാട്ടിലും, കര്‍ണ്ണാടകത്തിലും ഏകദേശം പതിനയ്യായിരത്തില്‍പരം വിദേശവിദ്യാര്‍ത്ഥികള്‍ സാങ്കേതികപഠനത്തിനായ് ഇപ്പോള്‍തന്നെ ഉണ്ടെങ്കിലും കേരളത്തില്‍ അങ്ങനെയൊരു തരംഗം ഇതുവരെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല.  ഓരോ കോളേജുകള്‍ക്കും ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇന്‍ടേക്കിന്‍റെ പതിനഞ്ചുശതമാനം സീറ്റുകള്‍വരെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അധികമായി കൊടുക്കാമെന്ന എ. . സി.ടി. . നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുവാന്‍ നടപടിയെടുക്കണമെന്ന് ഓരോ കോളേജുകള്‍ക്കും കെ. ടി. യു. കത്തെഴുതിയിട്ടുണ്ട്.  അതോടൊപ്പം തന്നെ സര്‍വ്വകലാശാലകള്‍ തമ്മിലുള്ള ക്രെ‍ഡിറ്റ് കൈമാറ്റത്തെ അംഗീകരിച്ചുകൊണ്ട് വിദേശത്തും സ്വദേശത്തും മറ്റ് സര്‍വ്വകലാശാലകളില്‍ പഠനം തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കവിടെ ലഭിച്ച  അര്‍ഹതപ്പെട്ട ക്രെഡിറ്റുകള്‍ കെ. ടി. യു. വിലേക്ക് കൊണ്ടുവരുവാനും അതുപോലെ തന്നെ തിരിച്ചും ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യാനും വ്യവസ്ഥചെയ്യാമെന്ന് പുതിയ സര്‍വ്വകലാശാല അധികാരികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

                            കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ സ്വപ്നങ്ങളാണ് ഈ പുതിയ സര്‍വ്വകലാശാല മുന്നോട്ട് വയ്ക്കുന്നത്.  കേരളത്തിലെ ഏറ്റവും വലിയ ടെക്നോക്രാറ്റുകളില്‍ ഒരാളായ ഇ. ശ്രീധരന്‍ ഉള്‍പ്പെടെ സാങ്കേതിക, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലുള്ള പ്രഗല്‍ഭരെല്ലാംതന്നെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഈ വിദ്യാഭ്യാസപദ്ധതികളെ നിറഞ്ഞ ഹൃദയത്തോടെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്.  ഒരു പക്ഷെ ഈ പുതിയ സര്‍വ്വകലാശാലയുടെ ഏറ്റവും വലിയ മൂലധനം, പുതിയ ആശയങ്ങളോട് തുറവിയും അത് പ്രാവര്‍ത്തികമാക്കുവാനുള്ള ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്ന ഊര്‍ജ്ജസ്വലനായ ഇതിന്‍റെ വൈസ്ചാന്‍സിലര്‍പ്രൊഫ.കുഞ്ചറിയാ പി. ഐസക് സാറും, നൂറുശതമാനം ഇ-ഗവേണന്‍സിലൂടെ, അനുവദിക്കപ്പെട്ട വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് സര്‍വ്വകലാശാലാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ അത്യദ്ധ്വാനം ചെയ്യുന്ന ചെറുപ്പക്കാരനായ പ്രൊവൈസ്ചാന്‍സിലര്‍ പ്രൊഫ.അബ്ദുള്‍റഹിമാനുമായിരിക്കും.  അവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ചെറിയൊരു സംഘം ജീവനക്കാരെ മാത്രമേ ഗവണ്‍മെന്‍റ് അനുവദിച്ചിട്ടുള്ളൂവെങ്കിലും ആ ടീമിന് പരിപൂര്‍ണ്ണമായ സഹകരണം കൊടുക്കേണ്ട ബാധ്യത കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും, കോളേജ് മാനേജ്മെന്‍റുകള്‍ക്കും പൊതുസമൂഹത്തിനുമുണ്ട്.  ഏതു പുതിയമാറ്റത്തിനോടും പുറം തിരിഞ്ഞുനില്‍ക്കുന്ന കേരളീയരുടെ പതിവ് ഭാവത്തിന് മാറ്റം വരുത്തി, കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരിക്കുവാനും അന്തര്‍ദേശീയതലത്തിലെത്തിക്കുവാനുമുള്ള ഈ പരിശ്രമങ്ങളെ നാമെല്ലാവരും ഒന്നുചേര്‍ന്ന് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ഫാ. ജെയ്സണ്‍ മുളേരിക്കല്‍ സി. എം. .

ഓസ്ട്രേലിയായിലെ ആര്‍. എം. . ടി., നാഷണൽ യൂണിവേഴ്സിറ്റികളില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനവും, പി. എച്ച്. ഡി.യും നേടിയിട്ടുള്ള ലേഖകന്‍, കൊച്ചിയിലെ രാജഗിരി എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനാണ്.

manorama-ktu-article

Comments are closed.