സൈയുടെ രണ്ടാം പുസ്തകം പത്താം അധ്യായം

si-cover

ആദ്യ സ്പര്‍ശനവും അന്ത്യചുംബനവും

മുപ്പത്തഞ്ചുവയസ്സുള്ള ഒരു ചെറുപ്പക്കാരന്‍. ജോണിയെന്നാണവന്‍റെ പേര്. ഉച്ചഭക്ഷണശേഷം ഓഫീസിലേക്ക് തിര്ച്ചുപോയതാണ്. പെട്ടെന്ന് ഹൃദയാഘാതമുണ്ടായി. ഓഫീസ് കസേരയിലിരുന്നുതന്നെ മരിച്ചു. അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ അനേകരിലൊരാളായി ഞാനും അവിടെയെത്തി.

വിങ്ങിക്കരയാന്‍പോലും ശേഷിയവശേഷിക്കാതെ തകര്‍ന്നിരിക്കുകയാണയാളുടെ പ്രിയതമ. അവരോട് പറ്റിച്ചേര്‍ന്ന് പറക്കമുറ്റാത്ത രണ്ടോമനക്കുഞ്ഞുങ്ങള്‍. ചില ദീര്‍ഘനിശ്വാസങ്ങളും, ഒപ്പം ഉയരുന്ന നെടുവീര്‍പ്പുകളും അവരുടെ വേദനയുടെ ആഴങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ശവമഞ്ചം സെമിത്തേരിയിലേക്ക് എടുക്കാന്‍ തുടങ്ങിയപ്പോഴേക്കും, തകര്‍ന്നു തളര്‍ന്നിരുന്ന അവര്‍ സര്‍വ്വശക്തിയും സംഭരിച്ച് ചാടിയെഴുന്നേറ്റു, ചുറ്റും നോക്കി. ശവമഞ്ചം എടുക്കാനെത്തിയവരെ നോക്കി അവര്‍ അലറി, “നിര്‍ത്ത്” പ്രാര്‍ത്ഥനാഗാനം പോലും സ്തംഭിച്ചുപോയ നിമിഷം! തന്‍റെ ഭര്‍ത്താവിന്‍റെ ശവമഞ്ചത്തോടുചേര്‍ത്ത് കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍കൊണ്ട് പൊതിഞ്ഞിട്ട് അലറിക്കരഞ്ഞുകൊണ്ടവള്‍ ആ‍ജ്ഞാപിച്ചു, “ആരും തൊട്ടുപോകരുത്. എങ്ങോട്ടാണ് നിങ്ങള്‍ എന്‍റെ ചേട്ടനെ കൊണ്ടുപോകുന്നത്? വിട്ടുതരില്ല ഞാന്‍, തൊട്ടുപോകരുതെന്‍റെ ചേട്ടനെ”. ശവമഞ്ചമെടുക്കാന്‍ വന്നവര്‍ തിരിച്ചുപോയി. പിടിച്ചു മാറ്റാന്‍ ചെന്നവര്‍ പരാജിതരായി. അവസാനം ഇത്തിരി ബലം പ്രയോഗിച്ചുതന്നെ അവരെ പിടിച്ചുമാറ്റുകയായിരുന്നു. തന്‍റെ പ്രിയതമന്‍റെ ശരീരത്തിലെ അവസാന സ്പര്‍ശവും അന്യമായിത്തീരുകയാണെന്നും എതിര്‍ത്തിട്ടു കാര്യമില്ലെന്നുള്ള ‍ഞെട്ടിപ്പിക്കുന്ന തിരിച്ചറിവില്‍ അവളുടെ അലര്‍ച്ച പൊട്ടിക്കരച്ചിലായി മാറി. “അരുതേ എന്‍റെ ചേട്ടനെ കൊണ്ടുപോകരുതേ, ഞാനിനി എന്തു ചെയ്യും? തനിച്ചു തുഴയാനെനിക്കറിയില്ല. ഇനി ആരാ എന്നെ ചേര്‍ത്തുപിടിച്ച് ‘സാരമില്ല മോളെ’ എന്നുപറഞ്ഞ് ആശ്വസിപ്പിക്കുന്നത്?” കണ്ടുനിന്നവരെല്ലാം കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.

അതേ, സ്പര്‍ശനത്തിന്‍റെ എല്ലാത്തലങ്ങളും അതീവ വിശുദ്ധിയോടെ കടന്നുവരുന്നത് ദാന്പത്യത്തിലാണ്. ഇന്നലെവരെ അപരിചിതരായിരുന്ന ജോണിയേയും മോളിക്കുട്ടിയേയും ഇന്ന് അകറ്റാനാകാത്തവിധം അടുപ്പിക്കുന്ന പ്രധാനഘടകം ഈ മാന്ത്രിക സ്പര്‍ശനമല്ലാതെ മറ്റെന്താണ്……

മരണവീട്ടിലെ പ്രിയരുടെ എണ്ണിപ്പെറുക്കിയുള്ള കരച്ചിലുകള്‍ വെറും വൃഥാജല്പനങ്ങളല്ല. ശവമഞ്ചത്തില്‍ ശയിക്കുന്ന വ്യക്തി തങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ച മറക്കാനാവാത്ത നിമിഷങ്ങള്‍ സാക്ഷ്യപ്പെടുത്തുകയാണവര്‍, പൊതുജനത്തിന്‍റെ അറിവിലേക്ക്, ഭര്‍ത്താവ് അവളെ തന്നോട് ചേര്‍ത്ത് പിടിച്ച് “സാരമില്ല മോളെ” എന്നു പറയുന്ന സാന്ത്വനത്തിന്‍റെയും “മിടുക്കി നന്നായിരിക്കുന്നു” എന്നുള്ള അഭിനന്ദനത്തിന്‍റെയും “അയ്യേ, എന്നാ മണ്ടത്തരമാ നീ കാട്ടിയത്” എന്ന സ്നേഹശാസനത്തിന്‍റെയും അനുഭവങ്ങളാണ് ഒരു ഭാര്യ മറ്റെന്തിനേക്കാളും വിലമതിക്കുന്നത്. അവള്‍ക്ക് ലാളിക്കാന്‍ പാകത്തിന് ഒരു ഓമനക്കുഞ്ഞാകാന്‍ ഭര്‍ത്താവിന് പറ്റിയാല്‍ കുഞ്ഞുങ്ങളില്ലാത്ത വേദനപോലും അവള്‍ വിജയപൂര്‍വ്വം മറികടക്കുമെന്നാണ് മനഃശാസ്ത്രം മാത്രമല്ല അനുഭവങ്ങളും സമര്‍ത്ഥിക്കുന്നത്.

ജോണിയിലേക്ക് തിരിച്ചുവരാം. ജോണിയുടെ മൃതദേഹം പള്ളിയില്‍ വച്ചിരിക്കുന്പോള്‍ അയാളുടെ മാതാപിതാക്കന്മാരെ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. തന്‍റെ ഓമനപുത്രന്‍ മരിച്ചുപോയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ആ സ്നേഹനിധിയായ പിതാവ്. ശവമഞ്ചത്തോടു ചേര്‍ന്ന് നില്‍ക്കുന്ന അദ്ദേഹം അതില്‍ കിടക്കുന്ന പ്രിയമകന്‍റെ നാഡിമിടിപ്പും ശ്വാസോച്ഛാസവും ഇടയ്ക്കിടെ പരിശോധിക്കുന്നത് കാണാമായിരുന്നു. ജീവന്‍റെ ഇത്തിരി കണികയെങ്കിലും അവനില്‍ അവശേഷിക്കാതിരിക്കുമോ? ഇല്ലെന്നു വിശ്വസിക്കാനാകാതെ സമനിലതെറ്റിയതുപോലെയുള്ള നിരാശയുടെ ഭാവപ്പകര്‍ച്ചകള്‍ തുടര്‍ന്ന് ആ മുഖത്ത് മാറിമാറി തെളിയുന്നുണ്ടായിരുന്നു. നിസ്സഹായതയുടെ നെടുനിശ്വാസങ്ങള്‍ പകരുന്ന മൃദുവായ ശബ്ദപശ്ചാത്തലത്തില്‍.

മകന്‍റെ മരണവാര്‍ത്ത കേട്ടയുടനെ അമ്മയ്ക്ക് മൈനര്‍ ഹാര്‍ട്ടറ്റാക്കുണ്ടായി. എന്നിട്ടും മകന്‍റെ മുഖം കാണണമെന്ന അവരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ സകല സജ്ജീകരണങ്ങളോടും കൂടി ആശുപത്രിയില്‍ നിന്നാണ് ആംബുലന്‍സില്‍ അവന്‍റെ ശവസംസ്കാരത്തിനുമുന്പ് അവരെ സെമിത്തേരിയിലെത്തിക്കുന്നത്.

നിര്യാതനായ ജോണിയുടെ ഏക സഹോദരന്‍ അയാളെക്കാള്‍ രണ്ടോ മൂന്നോ വയസ്സുമാത്രം മൂപ്പുള്ള ഒരു വൈദികനാണ്. അദ്ദേഹമാണ് ശവസംസ്കാരത്തിന്‍റെ കാര്‍മ്മികന്‍. അനുജന്‍റെ മുഖം മൂടാനുള്ള നിയോഗം ഈ വൈദികനാണ്. അനുജന്‍റെ മുഖം മൂടാന്‍ തുണിയുമായി നില്‍ക്കുകയാണ് അദ്ദേഹം. അമ്മ സമ്മതിക്കുന്നില്ല. അപ്പന്‍ വിതുന്പി, ചുംബിച്ചു വിടചൊല്ലി. അമ്മ പറഞ്ഞു, “എന്‍റെ മകന്‍റെ മുഖം മൂടേണ്ട; എനിക്ക് കാണണം. മോനെ ചുംബനങ്ങള്‍കൊണ്ടു മൂടിയിട്ട് അമ്മ എന്തൊക്കെയോ അവനോടു മന്ത്രിക്കുന്നുണ്ട്, നിര്‍ത്താതെ.

അമ്മയെ പിടിച്ചുമാറ്റാന്‍ ചെന്നവരോട് അച്ചന്‍ പറഞ്ഞു, “മമ്മിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ക്കട്ടെ. ഇനി പറയാന്‍ പറ്റില്ലല്ലോ” ഇതു പറയുന്പോള്‍ അദ്ദേഹത്തിന്‍റെ കണ്ഠമിടറുന്നുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോള്‍ കാര്‍മ്മികനായ മകന്‍ അമ്മയുടെ തോളില്‍ മെല്ലെ തട്ടിയിച്ചു പറഞ്ഞു, “മമ്മീ മതി അവന്‍ പൊയ്ക്കോട്ടെ”. അവനെ ചോരക്കുഞ്ഞായി കയ്യില്‍ കിട്ടുന്നതിനും മുന്പേ പറഞ്ഞു തുടങ്ങിയ മാതൃവാത്സല്യത്തിന്‍റെ തുടര്‍ക്കഥകള്‍ പാതിവഴിയില്‍ അവശേഷിപ്പിച്ച്, ഒരമ്മയും തന്‍റെ മകന് തന്‍റെ ഏറ്റവും ഭീകരമായ ദുഃസ്വപ്നത്തില്‍പോലും കൊടുക്കാനിഷ്ടപ്പെടാത്ത, കണ്ണീര്‍മഴയില്‍ കുതിര്‍ന്ന അന്ത്യചുംബനമുദ്ര ആതണുത്ത കവിളിലേല്‍പ്പിച്ച് നിസ്സഹായതയോടെ അവര്‍ പിന്മാറി. മക്കള്‍ക്ക് ആദ്യ ചുംബനം നല്‍കുകയെന്നത് ഒരമ്മയുടെ ഭാഗ്യമാണ്. അന്ത്യചുംബനവും നല്‍കേണ്ടിവന്നാലോ?

അനുജന്‍റെ മുഖം മൂടി, ചുംബിച്ച് പ്രാര്‍ത്ഥനകള്‍ തീര്‍ത്ത് വേച്ചു വേച്ച് നടന്നുവരുന്ന കാര്‍മ്മികനെയാരും ശ്രദ്ധിച്ചില്ല. അദ്ദേഹം തന്‍റെ സുഹൃത്തായ സഹകാര്‍മ്മികന്‍റെ തോളിലേയ്ക്കാണ് വീണത്. കാര്‍മ്മികനോട് ആ വൈദിക സുഹൃത്ത് പറയുന്നത് കേള്‍ക്കാമായിരുന്നു, “താന്‍ പിടിച്ചുനില്‍ക്കണം. ധൈര്യം കൊടുക്കേണ്ടത് മറ്റാരാണ്? താനും തകര്‍ന്നുപോയാല്‍ ‍ഡാഡിയുടേയും മമ്മിയുടേയും അവസ്ഥയെന്തായിരിക്കും?”. “എത്രനേരം പിടിച്ചുനില്‍ക്കാനാകും സുഹൃത്തേ? എനിക്കിനി പിടിച്ചുനില്‍ക്കാന്‍ വയ്യ”. കാര്‍മ്മികനായ ജ്യേഷ്ഠന്‍റെ വിതുന്പല്‍ അധികം താമസിയാതെ ഒരു പൊട്ടിക്കരച്ചിലായി മാറി. ഇതുവരെ പിടിച്ചുനിര്‍ത്തിയ അഗ്നിപര്‍വ്വതത്തിലെ ലാവകളെല്ലാം കണ്ണീരായി സുഹൃത്തിന്‍റെ ളോവയെ നനച്ചു കുതിര്‍ത്തു.

വീട്ടുകാരും ബന്ധപ്പെട്ടവരും തകര്‍ന്നുപോകുന്പോഴും ചേര്‍ത്തുനിര്‍ത്തി സാന്ത്വനിപ്പിക്കാന്‍ വേണ്ടിയാണ് സ്വര്‍ഗ്ഗീയ പിതാവ് നമുക്ക് സുഹൃത്തുക്കളെ നല്‍കിയിരിക്കുന്നത്. സോദരന്‍, സുഹൃത്തുക്കള്‍ എന്നീ നിലകളിലൊക്കെയുള്ള സ്നേഹസ്പര്‍ശനങ്ങളുടെ വിലയും ധന്യതയും നമുക്ക് തിരിച്ചറിയാം. മരിക്കുന്നതിനു മുന്പേ അതു പകര്‍ന്ന് അനേകരെ സൗഖ്യമാക്കാം അതെ, സ്പര്‍ശിച്ചുതന്നെയാണ് സൗഖ്യം പകരേണ്ടത്.

Comments are closed.