നാളെയുടെസ്മാര്‍ട്ട് നഗരങ്ങള്‍

നാളെയുടെസ്മാര്‍ട്ട് നഗരങ്ങള്‍
നമുക്ക് നഷ്ടമാകരുത്


രാജ്യത്തെ പ്രധാന നൂറുനഗരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്മാര്‍ട്ട് സിറ്റിപദ്ധതിയും അഞ്ഞൂറ് ഇടത്തരം നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള ‘അമൃത’ നഗരപദ്ധതിയും പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. നഗര വികസനത്തിനുവേണ്ടി നേരത്തെ തന്നെ നടപ്പിലാക്കിതുടങ്ങിയ ‘ജന്‍റം’ പദ്ധതിയുടെ തുടര്‍ച്ചയെന്ന് കരുതാവുന്ന ഈ പദ്ധതികളുടെ ഭാഗമായി സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഒരു വര്‍ഷം നൂറുകോടിയോളം എന്ന കണക്കില്‍ അഞ്ച് വര്‍ഷംകൊണ്ട് 480 കോടിരൂപയും ‘അമൃത’നഗരത്തിനും നൂറുകോടിരൂപവീതവും മാറ്റിവച്ചുകൊണ്ട് 98,000കോടിരൂപയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ഈ പദ്ധതികള്‍ക്ക് വേണ്ടി ചിലവഴിക്കുവാന്‍ പോകുന്നത്.  കേരളത്തില്‍ ഒരേയൊരു നഗരത്തിനുമാത്രമേ സ്മാര്‍ട്ട് സിറ്റി പദവി നല്‍കുന്നുവെന്നത് (അത് കൊച്ചിയായിരിക്കും) തീര്‍ത്തും നിരാശാജനകമാണെങ്കിലും, പതിനെട്ടോളം നഗരങ്ങള്‍ക്ക് ‘അമൃത’ നഗരപദവിലഭിക്കുമെന്നത് അല്‍പം ആശ്വാസം പകരും.

Deepika-11-July-2015-page-8-light-edited

കൊച്ചിയിലെ നൂറേക്കര്‍ സ്ഥലത്ത് വരുമെന്നു കേട്ടുതഴന്പിച്ച സ്മാര്‍ട്ട് സിറ്റിയല്ലാതെ മറ്റെന്താണ് പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് സിറ്റി, ‘അമൃത’ പദ്ധതികള്‍ കൊണ്ടുവരുന്നതെന്ന് അറിയുവാൻ ഒരു ശരാശരി കേരളീയന് താല്പര്യം ഉണ്ടാകും.  കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി ഒരു പ്രത്യേക സാന്പത്തികമേഖലയില്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുവാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്ന പദ്ധതിയാണെങ്കില്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് സിറ്റി, ‘അമൃത’ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നഗരങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയിട്ടുള്ളവയാണ്.  കുറച്ചുകൂടെ വ്യക്തമായി പറയുകയാണെങ്കില്‍ നഗരജീവിതത്തിന്‍റെ ഗുണനിലവാരം (Standard of living)) മെച്ചപ്പെടുത്തി, ഉയര്‍ന്ന സാന്പത്തികവളര്‍ച്ച ഉറപ്പുവരുത്തുവാന്‍ നാളെയുടെ നഗരങ്ങളെ സജ്ജരാക്കുകയെന്നതാണ് ഈ പദ്ധതികളുടെ പ്രധാനലക്ഷ്യം.  പ്രധാനമായും ത്രിവിധ മാര്‍ഗ്ഗങ്ങളിലൂടെ  ഈ ലക്ഷ്യങ്ങള്‍ സാധിക്കണമെന്നാണ് കേന്ദ്രഗവണ്‍മെന്‍റ് വിഭാവനം ചെയ്യുന്നത്.

1) ഒരു നഗരത്തില്‍ ഇപ്പോള്‍ ഇല്ലാത്തതും എന്നാല്‍ അവശ്യം വേണ്ടതുമായ സംവിധാനങ്ങള്‍ പുതുതായി നിര്‍മ്മിക്കുക (Retrofitting).
2)  ഇപ്പോള്‍ നിലവിലുള്ളവയും എന്നാല്‍ അപര്യാപ്തമായവയോ, കൂടുതല്‍ വികസനം ആവശ്യമുള്ളവയോ ആയ സംവിധാനങ്ങളെ മെച്ചപ്പെടുത്തുക (Re-development).
3)   ഒരു നഗരത്തിന് മുഴുവന്‍ അവശ്യമായ സംവിധാനങ്ങളെ – ഉദാഹരണത്തിന്, റോ‍ഡ്, മോട്രോ റെയില്‍, ഗതാഗത നിയന്ത്രണം, ദുരന്തനിവാരണ സംവിധാനങ്ങള്‍-  എന്നിവയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുക (Pan-city components).
    

പദ്ധതിയുടെ മൊത്തം അടങ്കല്‍തുക പരിശോധിച്ചാല്‍ വലുതാണെന്ന് തോന്നാമെങ്കിലും അ‍ഞ്ചുവര്‍ഷംകൊണ്ട് ലഭിക്കാവുന്ന നൂറുകോടിയും, അഞ്ഞൂറുകോടിയും കൊണ്ട് പാലങ്ങളും, റോ‍‍‍ഡുകളും, പാര്‍ക്കുകളും മാത്രം അടങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മിതിക്ക് മാത്രം മാറ്റിവച്ചാല്‍ ഈ തുക ഒന്നിനും തന്നെ മതിയാവില്ല  എന്നു നമുക്ക് കാണാം.  ഇവിടെയാണ് ഈ പദ്ധതികളെക്കുറിച്ച് സ്മാര്‍ട്ടായി ചിന്തിക്കേണ്ടതിന്‍റെ ആവശ്യകത കടന്നുവരുന്നത്.  ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ മൂല്യം തരുന്ന പദ്ധതികളില്‍ ഈ പണം നാം നിക്ഷേപിക്കേണ്ടിയിരിക്കുന്നു.  അതിന് “സ്മാര്‍ട്ട് സിറ്റി” എന്ന ആശയത്തിന്‍റെ ഉറവിടങ്ങളിലേക്ക് തന്നെ നാം കടന്നു ചെല്ലേണ്ടിയിരിക്കുന്നു.
   

ഇക്കഴിഞ്ഞ സാന്പത്തിക മാന്ദ്യം (2007-2009) കൊടികുത്തി നില്‍ക്കുന്ന കാലത്താണ് ആഗോളതലത്തില്‍ തന്നെ “സ്മാര്‍ട്ട് സിറ്റി”കള്‍ എന്ന ആശയം പൊങ്ങിവരുന്നത്.  ആഗോളടെക് ഭീമന്മാരായ ഐ.ബി.എമ്മും (IBM), സിസ്കോ (CISCO) യുമാണ് ഈ ആശയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞതുതന്നെ.  അതിന് വഴിമരുന്നിട്ടത് ഐക്യരാഷ്ട്ര സംഘടനയുടെ ജനസംഖ്യാസമിതിയുടെ ഒരു നിരീക്ഷണമായിരുന്നു.  മനുഷ്യചരിത്രത്തിലാദ്യമായി നഗരങ്ങളിലെ ജനസംഖ്യയേക്കാള്‍ അധികമാകുന്നത് 2009-പകുതിയോടെയാകുമെന്നതായിരുന്നു ആ നിരീക്ഷണം.  ജനപ്പെരുപ്പംമൂലം സങ്കീര്‍ണ്ണമാകുന്ന നഗരജീവിതത്തിലെ, പരസ്പരം ബന്ധിക്കപ്പെടാതെയും, ശരിയായ രീതിയില്‍ മേല്‍നോട്ടം വഹിക്കാന്‍ സാധിക്കാതെയും കിടക്കുന്ന നഗരസംവിധാനങ്ങളെ ഇന്‍റര്‍നെറ്റുമൂലം ബന്ധിപ്പിക്കാവുന്ന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഏകോപിപ്പിച്ച്, ഇപ്പോഴുള്ള നഗരസൗകര്യങ്ങളും സംവിധാനങ്ങളും തന്നെ കൂടുതല്‍ നന്നായി ഉപയോഗിച്ച് മെച്ചപ്പെട്ട ജീവിതനിലവാരവും ബിസിനസ് അന്തരീക്ഷവും നഗരങ്ങളില്‍ സംലഭ്യമാക്കുകയെന്നതായിരുന്നു ഐബിഎമ്മിന്‍റെ സ്മാര്‍ട്ട് പ്ലാനറ്റ് പദ്ധതിയുടേയും സിസ്കോയുടെ സ്മാര്‍ട്ട് കണക്ടഡ് കമ്മ്യൂണിറ്റിപദ്ധതിയുടേയും പ്രഖ്യാപിതലക്ഷ്യങ്ങള്‍.  ലോകത്തിലെ പ്രധാനപ്പെട്ട വികസിത, വികസ്വര രാജ്യങ്ങള്‍ ഏറ്റെടുത്ത ഈ ആശയത്തിന്‍റെ തുടര്‍ച്ചതന്നെയാണ് പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് പദ്ധതികളും.
   

 IBM-Command-Center-Rio001

ബ്രിക് രാജ്യങ്ങളില്‍ ഒന്നായ ബ്രസീലിലെ റിയോ ഡി. ജെനീറയാണ് സ്മാര്‍ട്ട് സിറ്റി ആശയം ആദ്യമായി നടപ്പിലാക്കിയ നഗരങ്ങളില്‍ ഒന്ന്.  മനോഹരമായ കടല്‍തീരവും, കാര്‍ണിവലുമൊക്കെയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ക്കും ഗതാഗതകുരുക്കിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച റിയോനഗരത്തെ 2014-ലെ ലോക കപ്പ് ഫുട്ബോളിനും  2016 -ലെ ഒളിന്പിക്സ് മത്സരങ്ങള്‍ക്കും ഒരുക്കിയെടുക്കാനായി നഗരസഭ സമീപിച്ചത് ഐ.ബി.എമ്മിനെയായിരുന്നു.  നഗരസഭയുടെ മുപ്പതോളം ഏജന്‍സികളെ കൂട്ടിയിണക്കി, നഗരത്തിലെ മുക്കിലും മൂലയിലും സ്ഥാപിച്ച വീഡിയോ ക്യാമറഫീഡിലൂടെയും, സെന്‍സര്‍ നെറ്റ് വര്‍ക്കിലൂടെയും നഗരത്തിന്‍റെ സ്പന്ദനങ്ങള്‍ തത്സമയം ഒപ്പിയെടുത്ത്, സൂപ്പര്‍കംപ്യൂട്ടറുകളുടെ സഹായത്തോടെ അതിനെ വിശകലനം ചെയ്ത് ട്രാഫിക് ക്രമസമാധാന പാലന, ദുരന്തനിവാരണമാര്‍ഗ്ഗങ്ങള്‍ ചാര്‍ട്ടുകളുടെയും, ചിത്രങ്ങളുടേയും, സിമുലേഷനുകളുടേയും രൂപത്തില്‍ അതിവിശാലമായൊരു ഡിസ്പ്ലേ ബോര്‍ഡില്‍ എത്തിച്ചുകൊണ്ടാണ് ഐ.ബി.എം. അതിനൊരു പരിഹാരം കണ്ടത്.

   

ലണ്ടന്‍ നഗരമാണ് മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത്  സ്മാര്‍ട്ട്സിറ്റിയാകാന്‍ കച്ചകെട്ടിയിറങ്ങി പ്രധാനനഗരങ്ങളില്‍ മറ്റൊന്ന്. ലോകത്തിലെ തന്നെ ആദ്യത്തെ മെട്രോയായ “ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടി”നെയും അതിലോടുന്ന എല്ലാ ട്രയിനുകളെയും പൂര്‍ണ്ണമായും സെന്‍സറുകളാല്‍ ബന്ധിപ്പിച്ച് മെട്രോയിലെ ഗതാഗത നിയന്ത്രണവും ട്രെയിനുകളുടേയും ട്രാക്കുകളുടേയും ആരോഗ്യവും അറ്റകുറ്റപണികളും മുന്‍കൂട്ടി പ്രവചിച്ച് പരിഹാരം കണ്ടെത്തുവാനുള്ള ബൃഹത്തായ പദ്ധതിക്കാണ് ലണ്ടന്‍ നഗരം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

   

നഗരജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഇത്തരത്തിലുള്ളവലിയ മാറ്റങ്ങള്‍ക്കെല്ലാം നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ഇന്‍റര്‍നെറ്റ് അടിസ്ഥാനമായ സ്മാര്‍ട്ട് സിറ്റി സാങ്കേതിക വിദ്യകളാണ്.  നമ്മുടെ അമൃതനഗരങ്ങളിലും സ്മാര്‍ട്ട് സിറ്റിയിലും നടപ്പിലാക്കപ്പെടേണ്ട സ്മാര്‍ട്ട് പദ്ധതികളില്‍ നല്ലൊരു ശതമാനവും ഇത്തരം പദ്ധതികളാവണം.  താരതമ്യേന ചുരുങ്ങിയചിലവില്‍, ഇപ്പോള്‍തന്നെ ലഭ്യമായ പല സംവിധാനങ്ങളെയും ക്രമാനുസൃതം ഏകോപിപ്പിച്ച് അതിന്‍റെ സദ്ഫലങ്ങള്‍ കൂടുതല്‍ സഗരവാസികളിലേക്കെത്തിക്കുവാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കും.  

എന്തിനെയും ഏതിനെയും ഒരു ചെറിയ ചിപ്പിന്‍റെയോ, സെന്‍സറിന്‍റെയോസഹായത്തോടെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കാവുന്ന “ഇന്‍റര്‍നെറ്റ് ഓഫ് തിംങ്സ്” (ഐ.ഒ.ടി) സാങ്കേതിക വിദ്യയുടെ സഹായം ഇതിന് നമുക്കുണ്ടാകും.  വിലകുറഞ്ഞ ഇത്തരം ചിപ്പുകളുടേയും, സെന്‍സറുകളുടേയും, എന്തിനേറെ നമ്മുടെ സ്മാര്‍ട്ട് ഫോണുകളുടേയും ശൃംഖല സൃഷ്ടിക്കുന്ന വിവരങ്ങള്‍ “ബിഗ് ഡേറ്റ”യായി മാറുന്പോള്‍ അവ സൂക്ഷിക്കുവാന്‍ സുരക്ഷിതമായ ക്ലൗഡ് ഡേറ്റാസെന്‍ററുകള്‍ നമുക്ക് വേണ്ടിവരും.  ഈ “ബിഗ് ഡേറ്റാ” യെ കാര്യക്ഷമമായി വിശകലനം ചെയ്ത് (BigData Analytics)  നമുക്കാവശ്യമുള്ള അറിവായി മാറ്റുവാന്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ നമുക്ക് വേണ്ടിവരും.  ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നഗരജീവിതത്തെയും നഗരാസൂത്രണത്തെയും മെച്ചപ്പെടുത്തുവാനുള്ള പുതുസങ്കേതങ്ങള്‍ രൂപകല്‍പ്പനചെയ്യുവാന്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെയും  ഗവേഷണ-ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കുകയും അവര്‍ക്കാവശ്യമായ ഒത്താശകള്‍ ചെയ്ത് കൊടുക്കുകയും ചെയ്യണം.  അങ്ങനെവരുന്പോള്‍ സ്മാര്‍ട്ട് സിറ്റി സാങ്കേതിക വിദ്യകള്‍ക്ക് വളരുവാനും പുഷ്പിക്കുവാനുമുള്ള ഒരു സാഹചര്യം നമ്മുടെ നഗരങ്ങളില്‍ ഒരുക്കുവാന്‍ നമുക്ക് സാധിക്കും.  ഇത് നമ്മുടെ നഗരങ്ങളെ നവീകരിക്കുക മാത്രമല്ല മറ്റുനഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സ്മാര്‍ട്ട് സിറ്റി അധിഷ്ഠിത സാങ്കേതിക വിദ്യ കയറ്റി അയയ്ക്കുവാനും  നമ്മെ പ്രാപ്തരാക്കും.  ഇതു തന്നെയാണല്ലോ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് പദ്ധതികളുടെ പ്രഖ്യാപിതലക്ഷ്യങ്ങളും –  തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളുടെ നവീകരണവും, സാന്പത്തിക പ്രവര്‍ത്തങ്ങളുടെ ത്വരണവും. ഇത്തരത്തില്‍ പ്രശോഭിതമാകേണ്ട നാളെയുടെ സ്മാര്‍ട്ട് നഗരങ്ങള്‍ നമുക്ക്നഷ്ടപ്പെടാതിരിക്കട്ടെ.

   
ഫാ. ഡോ. ജെയ്സണ്‍ മുളേരിക്കല്‍ CMI
(കൊച്ചി രാജഗിരി എഞ്ചിനീയറിങ്ങ് കോളേജിലെ കംപ്യൂട്ടര്‍സയന്‍സ് അദ്ധ്യാപകനാണ് ലേഖകന്‍)

Comments are closed.