ഡിജിറ്റൽ ഭൂഖണ്ഡത്തിലെ കഫ‍ർണാം കവലകൾ

 web
സഭയ്ക്കും നവസുവിശേഷീകരണപദ്ധതികൾക്കുമെല്ലാം ഡിജിറ്റൽ വേൾഡിൽ ഒരു വലിയ പങ്കു വഹിക്കാനുണ്ട്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ  ഈ പുതിയ പ്രതിഭാസത്തെ കൃത്യമായി തിരിച്ചറിയുകയും, വളരെ സ്പഷ്ടമായ രീതിയിൽ അതിനെ കുറിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്.  2012 ലെ മാധ്യമദിനത്തിൽ പുറത്തിറക്കിയ അപ്പസ്തോലിക ലേഖനത്തിൽ ഒരു പുതിയ അഗോറെയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. വി. പൗലോസ് വിജാതീയരുടെ പ്രദേശമായ അഗോറെയിൽ ചെന്ന് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന സംഭവം സുവിശേഷത്തിൽ നാം കാണുന്നുണ്ടല്ലോ. അതുപോലെ ഒരു പുതിയ അഗോറയാണ്, പുതിയ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കേണ്ട സ്ഥലമാണ് സോഷ്യൽ മീഡിയ എന്ന് 2012ലെ അപ്പസ്തോലികലേഖനത്തിൽ ബെനഡിക്ട് പാപ്പാ വ്യക്തമാക്കി.  മനുഷ്യവംശം കണ്ടുപിടിച്ച ഒരു പുതിയ വൻകരയെന്നാണ് ‍‍‍‍ ‍‍ഡിജിറ്റൽ ലോകത്തെ അതിൽ മാർപാപ്പ വിശേഷിപ്പിച്ചത്.

പണ്ട് ഒരു പുതിയ ഭൂഖണ്‍ഡം കണ്ടുപിടിക്കുന്പോൾ സഭ ചെയ്തുകൊണ്ടിരുന്നത്, അവിടേക്കെല്ലാം മിഷണറിമാരെ അയക്കുക എന്നതായിരുന്നു.  പുതിയ സ്ഥലങ്ങളിലേയ്ക്കു മിഷണറിമാരും കപ്പൽ കയറുകയും അവിടെ ചെന്നു യേശുവിൻറെ സുവിശേഷവും സുവിശേഷാധിഷ്ഠിതമായ ജിവിതമൂല്യങ്ങളും അവർക്കു പറഞ്ഞു കൊടുക്കുകയും അവരെ യേശുവിൻറെ പാതയിലേയ്ക്കു നയിക്കുകയും ചെയ്യുന്ന ഒരു മിഷണറി ആവേശം സഭയ്ക്കുണ്ടായിരുന്നു.  ഏതാണ്ട് ഇതുപോലുള്ള ഒരു മിഷണറി പ്രവർത്തനം നമ്മൾ നടത്തേണ്ട ഒരു സമയമായെന്നും കാരണം, ഒരു പുതിയ ഡിജിറ്റൽ വൻകര നമ്മൾ കണ്ടുപിടിച്ചിരിക്കുകയാണെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പ അന്നു പറയുകയുണ്ടായി.

ഇൻറർനെറ്റാണ് പുതിയ ഭൂഖണ്ഡം.  ഡിജിറ്റൽ നെറ്റ്വർക്കുകളാണ് പുതിയ സൂപ്പ‍ർ ഹൈവേകൾ.  നെറ്റിസൻമാരാണ് അതിലെ സിറ്റിസൻമാർ.  സോഷ്യൽ മീഡിയ ഇതിലെ പുതിയ മഹാനഗരങ്ങൾ അഥവാ രാജ്യങ്ങളായും മാറിയിരിക്കുന്നു.  ഫേസ്ബുക്കിൽ 106കോടിസജീവ ഉപയോക്താക്കളുണ്ട്.  ചൈനയും ഇന്ത്യയും കഴിഞ്ഞാൽ ഏറ്റവുമധികം ജനങ്ങളുള്ള ലോകരാജ്യം എന്നു ഫേസ്ബുക്കിനെ വിശേഷിപ്പിക്കുന്നവരുണ്ട്.  ഈ പുതിയ രാജ്യത്തെ  പൗരന്മാരെ കുറിച്ചുള്ള അനേകം വിവരങ്ങൾ നമുക്കറിയാം എന്നതാണ് മറ്റു രാജ്യപൗരന്മാരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത്.

ഇങ്ങിനെയുള്ള ഒരു പുതിയ സംഭവവികാസത്തിൻറെ നടുവിൽ യേശുവിന് എന്തു ചെയ്യാൻ സാധിക്കുമായിരുന്നു? ഏതാനും വ‍ർഷങ്ങൾക്കു മുന്പ് വിശുദ്ധനാടുകൾ സന്ദ‍ർശിച്ചപ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ചത് കഫർണാം എന്ന ആ ചെറിയ പട്ടണമായിരുന്നു.  പഴയ കഫ‍ർണാമിൻറെ അവശിഷ്ടഭാഗങ്ങൾ ഇപ്പോഴും ഗലീലി തടാകത്തിൻറെ കരയിൽ. ഉണ്ട്.

യേശുവിൻറെ ദൈവരാജ്യപ്രഖ്യാപന പദ്ധതിയിൽ വളരെ വലിയ ഒരു പങ്കുവഹിച്ച സ്ഥലമാണ് കഫർണാം. ഈശോ തൻറെ പട്ടണമായ നസ്രത്തിൽ നിന്നു പുറന്തള്ളപ്പെടുന്നുണ്ട്. നസ്രത്തിലെ സിനഗോഗിൽ ആദ്യമായി താനാരാണെന്നു വെളിപ്പെടുത്തി പ്രസംഗിച്ചപ്പോൾ പട്ടണവാസികളെല്ലാം  കൂടി യേശുവിനെ പുറത്താക്കുന്ന ഒരു ഭാഗമുണ്ട്.  അതു സംഭവിക്കുന്പോൾ യേശു വളരെ തന്ത്രപരമായി തൻറെ പട്ടണമായ നസ്രത്തിൽ നിന്നു പിൻവാങ്ങിയിട്ടു നേരെപോകുന്നത് കഫർണാമിലേയ്ക്കാണ്.

നസ്രത്ത് എന്നത് ഒരു കുന്നിനു മുകളിലുള്ള ചെറിയൊരു സ്ഥലമാണ്.  എന്നാൽ കഫർണാം എന്നത് ഗലീലി തടാകക്കരയിലുള്ള അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വൻനഗരകേന്ദ്രമാണ്.  ഒരു നെറ്റ്വർക്കിംഗ് കേന്ദ്രം എന്നു പറയാം.  അന്നു ജറുസലേം ദേവാലയത്തിലേയ്ക്കു യഹൂദർ തീ‍ർത്ഥയാത്രയായി പോകുന്ന പാതയുടെ – ഗലീലിയിൽ നിന്നു ജറുസലേമിലേയ്ക്ക് ഏകദേശം 160 കി. മീ. ദൂരമുണ്ട് – ഇടയ്ക്കാണ് സമരിയാ.  അതു വിജാതീയരുടെ സ്ഥലമായതുകൊണ്ട് അവർ അതു വഴി പോകാതെ കറങ്ങി പോയ്ക്കൊണ്ടിരുന്നത് വിയാ മാരിസ് – ദ വേ ഓഫ് ദ സീ – എന്ന ഒരു പുരാതന പാതയിലൂടെ ആയിരുന്നു.  കഫർണാമിലൂടെ മാത്രമേ അവിടേയ്ക്കു പോകാൻ സാധിക്കുമായിരുന്നുള്ളൂ.  ഈ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാകണം റോമാക്കാർ ഒരു സൈനികതാവളം അവിടെയുണ്ടാക്കിയിരുന്നു.  ആ പ്രദേശത്തുള്ള ഏറ്റവും പ്രധാനപ്പെട്ട സിനഗോഗും കഫർണാമിലായിരുന്നു.

റോമൻ ശതാധിപൻറെ മകളെയും സിനഗോഗ് അധികാരിയുടെ സേവകനെയും യേശു സുഖപ്പെടുത്തുന്ന സംഭവംഉണ്ടാകുന്നത് കഫർണാമിലാണ്.  കഫർണാമിൽ താമസിക്കുന്ന ഈശോ അവിടെ തൻറെ സ്വാധീനമുറപ്പിക്കുന്നതു നമുക്കു കാണാൻ സാധിക്കും.  ഈശോയുടെ കഫർണാം തന്ത്രം നാം മനസ്സിലാക്കണം.  എല്ലാ തരത്തിലും വളരെ നെറ്റ്വർക്ക്ഡ് ആയിട്ടുള്ള കഫർണാമിൽ വന്ന് ഈശോ പതിനെട്ടു മാസത്തോളം ചിലവഴിക്കുന്നു.  പരസ്യജീവിതത്തിലെ ഗണ്യമായ ഒരു കാലയളവാണല്ലോ അത്.  കഫർണാമിൽ സ്വാധീനമുണ്ടാക്കിയാൽ അതു അന്നു ജറുസലേം വരെയും അതിനപ്പുറം റോം വരെയും ആ വാർത്തകൾ എത്തിച്ചേരും എന്നുള്ള കാര്യം ഈശോയ്ക്കറിയാമായിരുന്നു.  കാരണം ഈശോ സുവിശേഷം പ്രസംഗിക്കുകയാണ്.  അതു പരമാവധി ആളുകളിലേയ്ക്ക് എത്തുകയാണു വേണ്ടത്.  എത്തണമെങ്കിൽ വളരെ തന്ത്രപരമായി തന്നെ സ്ഥാനപ്പെടുത്തണം എന്നും യേശുവിനു തോന്നിയിരിക്കണം.  അതുകൊണ്ടാണ് വളരെ തന്ത്രപ്രധാനമായ കഫർണാം എന്ന പട്ടണം തൻറെ പരസ്യജീവിതത്തിലെ ഒരു പ്രധാന സങ്കേതമായി യേശു തിരഞ്ഞെടുത്തത് എന്നു വിചാരിക്കുന്നതു യുക്തിസഹമാണ്.

ഈശോയുടെ ഈ കഫർണാം തന്ത്രം നമ്മുടെ ഡിജിറ്റൽ സുവിശേഷവത്കരണ ചിന്തകളിൽ വളരെയധികം പ്രധാനപ്പെട്ടതാണ്.  ഡിജിറ്റൽ ഭൂഖണ്ഡത്തിൽ സുവിശേഷപ്രഘോഷണം നടത്താൻ സഭ ആഗ്രഹിക്കുന്പോൾ  നമ്മൾ ചെയ്യേണ്ടത്ഈശോയുടെ കഫർണാം തന്ത്രം  പ്രാവർത്തികമാക്കുക എന്നതാണെന്ന്തോന്നുന്നു.  യുവാക്കളും യുവാക്കൾക്കിടയിൽ ജോലി ചെയ്യുന്നവരുമായ എല്ലാസുവിശേഷപ്രഘോഷകരും നി‍ർബന്ധമായും ചെയ്യേണ്ട ഒരു കാര്യം ഇൻറർനെറ്റിൻറെ നാൽക്കവലകളിൽ വന്നു തന്പടിക്കുക എന്നതാണ്,യേശു കഫർണാമിൽ ചെയ്തതുപോലെ.  അവിടെ ചെന്നു നിന്നാൽ എന്തുകിട്ടും എന്നതിനെ കുറിച്ച് നമ്മൾ ഒത്തിരി വ്യാകുലപ്പെടേണ്ടതില്ല. അതെല്ലാം ഒരു പരിധിവരെ ദൈവത്തിൻറെ പദ്ധതിയ്ക്കു വിട്ടുകൊടുക്കണം. പക്ഷേ അവിടെ ആയിരിക്കുക എന്നത് പ്രധാനമാണ്.  ഡിജിറ്റൽ നാൽക്കവലകളിൽ കൂടാരംകെട്ടിപാർക്കുക എന്നത് എല്ലാ സുവിശേഷപ്രഘോഷകരുടെയും ക്രിസ്തുഅനുയായികളുടേയും ഒരു കടമയാണ് എന്നു തോന്നാറുണ്ട്.

ഡിജിറ്റൽ ലോകത്തു സാന്നിദ്ധ്യമുണ്ടായിരിക്കുക, സോഷ്യൽ നെറ്റ്വർക്കിംഗിൽ സ്വന്തം തനിമ രൂപപ്പെടുത്തുക, യേശുവിൻറെ മൂല്യങ്ങളെ ഡിജിറ്റൽ ലോകത്ത് ഉയർത്തിപ്പിടിക്കുക എന്നതെല്ലാംആവശ്യമാണ്. പള്ളികൾക്കും സ്ഥാപനങ്ങൾക്കും വെബ്സൈറ്റുണ്ടാക്കി സജീവമാക്കിനിലനിറുത്തുന്നത് പ്രോത്സാഹിപ്പിക്കണം.  സ്ഥാപങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം സ്വന്തമായ ഫേസ്ബുക്ക് പേജുകളുണ്ടാക്കുകയും സുവിശേഷാധിഷ്ഠിതമായ കാര്യങ്ങൾ പങ്കു വയ്ക്കുകയുംചെയ്തുകൊണ്ടിരിക്കണം. വാട്സാപ്പിൽ ഇപ്പോൾ നിരവധി ഗ്രൂപ്പുകൾ സജീവമായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്.  അതും നല്ലതാണ്.

ധ്യാനങ്ങൾ ബുക് ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ് – ഗോറിട്രീറ്റ്.കോം- ആരംഭിക്കുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്.  അവയെയെല്ലാം ഒരു സ്ഥലത്ത് അവതരിപ്പിക്കുന്ന ഒരു വെബ്സൈറ്റ് ഇതുവരെ ഇല്ല.  വളരെ പോപുലറായ ഹോട്ടൽ ബുക്കിംഗ് വെബ്സൈറ്റുകളുടെ മാതൃകയിൽ ഒരു വെബ്സൈറ്റിൽ എല്ലാം കൂടി വരികയാണെങ്കിൽ ആവശ്യക്കാ‍ർക്ക് അതു സെർച്ച് ചെയ്തു കണ്ടുപിടിച്ച് ബുക് ചെയ്യാൻ അവസരമൊരുക്കുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പിനെ ഒരു ഇൻറർനെറ്റ് സെൻസേഷൻ ആയി മാറ്റുവാൻ സഹായിച്ചത് ഒരു പരിധിവരെ സോഷ്യൽ മീഡിയ ആയിരുന്നു.  അന്നു അമേരിക്കയിൽ സ്ഥാപിതമായ പോപ്അലാം എന്ന വെബ്സൈറ്റ് ഓർക്കുന്നു.  വത്തിക്കാനിൽ സിസ്റ്റൈൻ ചാപ്പലിൽ വെളുത്ത പുക ഉയരുന്പോൾ അതെല്ലാവരെയും കൃത്യമായി അറിയിക്കുക എന്നതായിരുന്നു ആ സൈറ്റിൻറെ ലക്ഷ്യം.  വെളുത്ത പുക ഉയരുന്പോൾ ആ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മെയിലും എസ് എം എസും അയക്കും എന്നതായിരുന്നു വാഗ്ദാനം.  ഒരൽപം നർമ്മവും കൗതുകവും കലർത്തിയുള്ള ഒരു സമീപനം.  വളരെ പെട്ടെന്ന് അതു പ്രസിദ്ധമായി.  ഏതാനും മണിക്കൂറുകൾ മാത്രമേ ആ വെബ്സൈറ്റിന് ആയുസ്സുണ്ടായിരുന്നുള്ളൂവെങ്കിലും അതിൻറെ ഫേസ്ബുക്ക്പേജിന് ആയിരക്കണക്കിനും ലൈക്കുകൾ കിട്ടി.  ലക്ഷകണക്കിനാളുകൾ അതിൽ രജിസ്റ്റർ ചെയ്തു.  അവർക്കെല്ലാം പാപ്പയുടെ തിരഞ്ഞെടുപ്പു വിവരം അറിയിച്ചു മെയിലുകളും എസ് എം എസും  ലഭിക്കുകയും ചെയ്തു.

ഞാനന്ന് ആസ്ത്രേലിയായിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടത്തെ കാത്തലിക് ബിഷപ്സ് കോൺഫ്രൻസിൻറെ മീഡിയാസെൽ ഈ വെബ്സൈറ്റിൻറെ കാര്യവും അമേരിക്കൻ വെബ്സൈറ്റായതിനാൽ അതിൽ ആസ്ത്രേലിയൻ ഫോൺ നന്പറുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നകാര്യവും എന്നെ അറിയിച്ചു.  ഇതേ മാതൃകയിൽഒരു ആസ്ത്രേലിയൻ പോപ് അലാം ഉണ്ടാക്കാൻ പറ്റുമോഎന്നതായിരുന്നു ചോദ്യം.  അതനുസരിച്ചു ഞങ്ങൾ ഓസ്സിപോപ്അലാം.കോം എന്ന വെബ്സൈറ്റ് ഉണ്ടാക്കി.  ഞങ്ങളുടെ പ്രതീക്ഷകളെ അതിലംഘിച്ചുകൊണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആ സൈറ്റിനും ആയിരക്കണക്കിനു ലൈക്കുകളും രജീസ്ട്രേഷനുകളും ലഭിക്കുകയും ചെയ്തു.  ആസ്ത്രേലിയൻ സമയം രാത്രിയിലാണ് വെളുത്ത പുക വന്നത്. ആ നേരത്ത് എല്ലാവരെയും വിളിച്ചുണർത്തി മാ‌‍ർപാപ്പ തിരഞ്ഞെടുക്കപ്പെട്ട കാര്യം അറിയിച്ചു. ടി വി യിൽ പുതിയ മാർപാപ്പയെ കാണാൻ അവർക്കെല്ലാം സാധിച്ചു.

ചാവറയച്ചൻറെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവിപ്രഖ്യാപനത്തോടനുബന്ധിച്ചും ഇതേ മട്ടിൽ ഇൻറർനെറ്റ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയ ഒരനുഭവം കൂടി എനിക്കുണ്ട്.  പ്രഖ്യാപനംനടന്നപ്പോൾ അതിൻറെ സോഷ്യൽമീഡിയ ക്യാംപെയൻ സി എം ഐ സഭ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അതിൻറേയും ഫേസ്ബുക്ക് പേജിന്  ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു ലൈക്കുകൾ ലഭിച്ചിരുന്നു.  അതിൽ കൊടുത്തുകൊണ്ടിരുന്ന അപ്ഡേറ്റുകൾ എല്ലാവരും കണ്ടു.  അതിൻറെ ഭാഗമായി തുടങ്ങിയ വെബ്സൈറ്റിന് ദിവസങ്ങൾക്കുള്ളിൽ ഇരുപതിനായിരത്തിലേറെ ഹിറ്റുകൾ ലഭിച്ചു..  ഫേസ്ബുക്ക് പേജിന് ലക്ഷത്തിലേറെ പോസ്റ്റ് റീച്ചും ലഭിക്കുകയുണ്ടായി.

ഡിജിറ്റൽ ഫുട്ട് പ്രിൻറ്സ് ഉണ്ടാക്കുവാൻ സഭ ബോധപൂർവ്വം ശ്രമിക്കണം.  ഇതുപറയുന്പോൾ ഇതിനു പിന്നിലെ ചതിക്കുഴികളും വെല്ലുവിളികളും തീർച്ചയായും നമ്മുടെ മനസ്സിലുണ്ട്.  നമ്മുടെ മാതാപിതാക്കളും യുവാക്കളെ നയിക്കുന്നവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ്, സോഷ്യൽ മീഡിയാ ആളുകളെ വഴിതെറ്റിച്ചേക്കുമോ എന്നത്.  തീ‌‌ർച്ചയായും അതിനുള്ള സാദ്ധ്യതകളുണ്ട്.  പക്ഷേ അതുപേടിച്ച്, ആ നാൽക്കവലകളിൽ പോയി നിൽക്കാതിരിക്കാൻ നമുക്കു സാധിക്കില്ല.  പേടി കൂടാതെ ഈ ഡിജിറ്റൽ ലോകത്തേയ്ക്കു കടന്നുചെല്ലാനും അവിടെ സുവിശേഷം പ്രസംഗിക്കാനും ഉള്ള വലിയ വിളിയാണ് കഫർണാം നമുക്കു നൽകുന്നത്.  ബെനഡിക്ട് പാപ്പായും ഫ്രാൻസിസ് പാപ്പയും ഇതേ വെല്ലുവിളി നമ്മുടെ മുന്പിൽ ഉയർത്തുന്നുണ്ട്.

സഭയെ ഡിജിറ്റൽ ലോകത്തേയ്ക്കു പറിച്ചു നടാനുള്ള  പരിശ്രമം ഇനിയും ധാരാളം നടക്കാനുണ്ട്.  സഭയിലെ ധാരാളം സേവനങ്ങൾ ഇപ്രകാരം ഡിജിറ്റൽ ലോകത്തിലേയ്ക്കു ക്രമത്തിൽ മാറാതിരിക്കില്ല.  ഭാവിയിൽ ഇൻറർനെറ്റ് അധിഷ്ഠിതമായ ചില ഇടവക സംവിധാനങ്ങൾ വരെ ഉണ്ടായേക്കാമെന്നാണ് എനിക്കു തോന്നുന്നത്.  ഭൗതികമായ ഒരു പള്ളി എവിടെയുമില്ലാതെ, ഒരുമിച്ചു കൂടാനും പ്രാർത്ഥിക്കാനുമുള്ള സ്ഥലങ്ങൾ ഓരോ തവണയും ഇൻറർനെറ്റിലൂടെ അവർ തിരഞ്ഞെടുക്കുകയും  ഒന്നിച്ചു കൂടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാം.  ആദ്ധ്യാത്മികാനുഭവം പങ്കു വയ്ക്കാനും ഇതു വേദിയാക്കാം.  ഇതൊരു പുതിയ ഡിജിറ്റൽ ഭൂഖണ്ഡമാണെങ്കിൽ അതിൽ മിഷൻ ഇടവകകളും ഉണ്ടാകുന്നതു സ്വാഭാവികമാണല്ലോ.

ഇതുതന്നെയാണ് ഇൻറ‍ർനെറ്റിൻറെ ദൈവശാസ്ത്രം എന്നു പറയുന്നത്.  അത് ഉയർന്നുവരേണ്ടതുണ്ട്.  പ്രായോഗികമായി ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്ന ഇൻറർനെറ്റ് ഇടപെടലുകളുടെ വിവിധ വശങ്ങൾ സൈദ്ധാന്തികമായിവിശദീകരിക്കുന്ന പഠനങ്ങളും വികസിച്ചു വരാതിരിക്കില്ല. പൗലോസ് ശ്ലീഹായുടെ അരിയോപാഗസിൻറെ അനുഭവം ഡിജിറ്റൽ ലോകത്ത് നമുക്ക് ആവ‌ർത്തിക്കാൻ ശ്രമിക്കാം.  ഗ്രീക്ക് ചിന്തകന്മാരെ അഭിമുഖീകരിക്കുവാൻ പൗലോസ് അരിയോപാഗസിൽ കാണിച്ച ആർജ്ജവത്വം ഈ രംഗത്തു പ്രകടിപ്പിക്കാൻ നമുക്കു സാധിക്കട്ടെ.

Comments are closed.