നോക്കുകൂലിയും ചില ഉന്നതവിദ്യാഭ്യാസ ചിന്തകളും

4th-Industrial-Revolution

നാളെയുടെ സാങ്കേതികവിദ്യകളെന്ന് ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന പലതും അനുദിന ജീവിതത്തിന്‍റെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും കടന്നുവരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ പോകുന്ന ഒരു പുതിയ വര്‍ഷത്തിലേയ്ക്കും കാലഘട്ടത്തിലേയ്ക്കുമാണ് നാം പ്രവേശിക്കുന്നത്. ആ മാറ്റങ്ങള്‍ ഏതുരീതിയിലാകുമെന്ന കാര്യത്തില്‍ മാത്രമേ എന്തെങ്കിലും സംശയമുള്ളൂ. നാലാമത്തെ വ്യാവസായിക വിപ്ലവം എന്ന ഓമനപേരിട്ട് കടന്നുവരുന്ന ഈ മാറ്റങ്ങള്‍ നാം ജീവിക്കുന്ന ലോകത്തെയും അതിന്‍റെ സമസ്ത ഭാവങ്ങളേയും, നാം ചെയ്യുന്ന ജോലികളെയും വിപ്ലവകരമായി മാറ്റിമറിക്കുമെന്നാണ് പ്രവചനം. ഒന്നാം വ്യാവസായിക വിപ്ലവം ആവിയന്ത്രങ്ങളുടെ വരവോടെ ആയിരുന്നെങ്കില്‍ രണ്ടാം വ്യാവസായിക വിപ്ലവം വൈദ്യുതിയന്ത്രങ്ങളുടെ സംഭാവനയായിരുന്നു. വിവരസാങ്കേതിക വിദ്യയും, ഇലക്ട്രോണിക്സും ചേര്‍ന്ന് മൂന്നാം വ്യാവസായിക വിപ്ലവം ഒരുക്കിയപ്പോള്‍, ഈ മൂന്നാം വിപ്ലവത്തിന്‍റെ ചിറകിലേറിയാണ് നാലാം വ്യാവസായിക വിപ്ലവം കടന്നുവരുന്നത്. നമ്മുടെ ഇതുവരെയുള്ള അനുഭവത്തില്‍ ഇത്തരം മലവെള്ളപ്പാച്ചിലുകളെ തടഞ്ഞുനിര്‍ത്താന്‍ നമുക്കാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് – കംപ്യുട്ടറുകള്‍ക്കെതിരെയുള്ള സമരം നമ്മെ എവിടെയാണ് എത്തിച്ചതെന്ന് നമുക്കറിയാം – ഇത്തരം മാറ്റങ്ങള്‍ വരുന്നതിനു മുന്‍പേതന്നെ അതിനെ മനസ്സിലാക്കി അതിനനുസരണമായി മുന്‍കരുതലുകള്‍ എടുക്കുന്നതാണ് വ്യക്തിപരമായും ഒരു സമൂഹമെന്നരീതിയിലും അതിജീവനത്തിന് നമ്മെ പ്രാപ്തരാക്കുക.

നിർമ്മിത ബുദ്ധിയും, റോബോട്ടിക്സും, നാനോ‍ടെക്നോളജിയും, ബയോടെക്നോളജിയും, ക്വാണ്ടം കംപ്യൂട്ടിങ്ങും, ഇന്‍റര്‍നെറ്റ് ഓഫ് തിംങ്സും, ത്രീ ഡീ പ്രിന്‍റിങ്ങും, സ്വയം നിയന്ത്രിത വാഹനങ്ങളും മറ്റ് ഉപകരണങ്ങളും ചേര്‍ന്നൊരുക്കുന്ന സാങ്കേതികതയുടെ മഹാ വിസ്ഫോടനം മനുഷ്യന്‍ ഇതുവരെയും ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും റോബോട്ടുകൾക്കും കൊച്ചു കൊച്ചു കംപ്യൂട്ടര്‍ നിയന്ത്രിത പ്രോഗ്രാമുകള്‍ക്കുമായി (സ്ക്രിപ്റ്റുകള്‍ അഥവാ ബോട്ടുകള്‍ എന്നവ അറിയപ്പെടും) വീതിച്ചുകൊടുക്കുന്പോള്‍ ഇതുവരെ മനുഷ്യരാശിക്കു സാദ്ധ്യമാകാത്ത രീതിയില്‍ അവന് വൃഥാ സമയം ലഭിക്കുമെന്നും അത് കൂടുതല്‍ ക്രിയാത്മകമായ കാര്യങ്ങള്‍ക്കുവേണ്ടി ചിലവഴിക്കാന്‍ സാധിക്കുമെന്നുമാണ് ഉല്‍പ്പതിഷ്ണുക്കളുടെ പക്ഷം. പക്ഷെ ഇതിനൊരു മറുപുറമുണ്ട്. നമ്മളെ അലോസരപ്പെടുത്തേണ്ട ഒരു വശം. മേല്‍പ്പറഞ്ഞതിനര്‍ത്ഥം, അനേകര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും ജോലിയുടെ സ്വഭാവം തന്നെ സാരമായ രീതിയില്‍ മാറുവാന്‍ ഇടയുണ്ടെന്നുമാണ്. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ എന്നും കുറെ ജോലികള്‍ നഷ്ടം വന്നിട്ടുണ്ടെങ്കിലും ജോലി നഷ്ടപ്പെടലിന്‍റെ നിരക്കില്‍ ഉണ്ടാകാന്‍ പോകുന്ന ക്രമാധീതമായ വര്‍ദ്ധനയാകും സാമൂഹിക ശാസ്ത്രകാരന്മാരെ അലോസരപ്പെടുത്തുക. ഇന്നുള്ള ജോലികളില്‍ 47% അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഒരു പഠനം കാണിക്കുന്നത്. അതിനര്‍ത്ഥം അടുത്ത രണ്ടു വര്‍ഷത്തിനകം അരക്കോടിയിലേറെ ജോലി, മനുഷ്യന് യന്ത്രങ്ങളോടു നഷ്ടപ്പെടുമെന്നാണ് ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ കണക്കുകൂട്ടുന്നത്. പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടാമെങ്കിലും ഇതേ തോതില്‍ ഉണ്ടാകുമെന്ന് കരുതാനാകില്ല. മാത്രമല്ല പുതുതായി സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ജോലികള്‍ കൂടുതൽ സാങ്കേതിക നൈപുണ്യവും സര്‍ഗ്ഗാത്മക ശേഷിയും ആവശ്യപ്പെടുന്നവയായിരിക്കും. ഇതിലെ രജതരേഖയെന്നു പറയുന്നത്, ഇത്തരം നൈപുണ്യവും സര്‍ഗ്ഗാത്മകശേഷിയുമുള്ളവര്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരും, ലോകത്തെ തന്നെ നിയന്ത്രിക്കുന്നവരുമാകുമെന്നതാണ്. ഫലത്തില്‍ രണ്ടുതരം ജനവിഭാഗങ്ങളേ പുതിയ ലോകക്രമത്തില്‍ ഉണ്ടാകുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത് – ആദ്യത്തേത് അതിവിദഗ്ദ്ധരായ, തങ്ങളുടെ മാനുഷിക സര്‍ഗ്ഗാത്മകശേഷികളെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനസമൂഹങ്ങളുടെ മാസ്സീവ് ഉപഭോഗത്തിനായി സമര്‍പ്പിക്കാന്‍ കഴിയുന്ന മിടുക്കരും അതിസന്പന്നരുമായ ഒരു ഗണവും, അവര്‍ പങ്കുവയ്ക്കുന്നത് സ്വീകരിച്ച് കഴിയുവാന്‍ വിധിക്കപ്പെടുന്ന താഴേക്കിടയിലെ ഒരു ഗണവും. ഏറ്റവും അധികം നഷ്ടം സംഭവിക്കേണ്ടി വരുന്നത് മദ്ധ്യവര്‍ഗ്ഗത്തിനാകുമെന്നും വൈറ്റ് കോളര്‍ ജോലികളായി കണക്കാക്കപ്പെടുന്ന വക്കീലന്മാര്‍, അക്കൗണ്ടന്മാര്‍, കംപ്യൂട്ടര്‍ പ്രോഗ്രര്‍മാര്‍, പെഴ്സണല്‍ സെക്രട്ടറിമാര്‍, ഓഫീസ് ജോലിക്കാര്‍, കസ്റ്റമര്‍കെയര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കും താഴേക്കിടയിലുള്ള ഫാക്ടറി ജോലിക്കാര്‍, തയ്യല്‍പണിക്കാര്‍, കടകളില്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നവര്‍, എന്തിനേറെ പാചകകാര്‍ക്കുപോലും വലിയതോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്ക് കൂട്ടുന്നത്.

അങ്ങിനെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും – അത് കഴിവുകളായാലും പണമായാലും -വലിയ അന്തരം സൃഷ്ടിക്കാന്‍ പോകുന്ന പുതിയലോകത്ത് സന്പത്ത് വിതരണം ചെയ്യപ്പെടേണ്ടത് എങ്ങിനെയെന്ന് – പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന മഹാഭൂരിപക്ഷത്തിന് ജീവിക്കാനുള്ള വക നല്‍കേണ്ടത് എങ്ങിനെയെന്ന് – വിശദമായ ചിന്തകളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സ് “റോബോട്ട് നികുതി” യെകുറിച്ച് പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. ജോലി നഷ്ടപ്പെടുത്തുന്ന റോബോട്ടുകളുടെയും യന്ത്രങ്ങളുടെ മേല്‍ ചുങ്കം ചുമത്തി ജോലിയില്ലാത്ത മനുഷ്യന് കൊടുക്കണമെന്ന് സാരം. ചില സാമൂഹിക ശാസ്ത്രകാരന്മാര്‍ ഇതിനെ “യൂണിവേഴ്സല്‍ ബേസിക് ഇന്‍കം” (UBI) എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. യന്ത്രങ്ങള്‍ കാരണം പണിയൊന്നും ചെയ്യാന്‍ കിട്ടിയില്ലെങ്കിലും പ്രതിഫലം കൊടുക്കണമെന്നതാണ് അതിനര്‍ത്ഥം. നമ്മള്‍ കേരളീയര്‍ക്ക് ഈ ആശയം പരിചിതമാണ്, ഒരുപക്ഷേ നമ്മള്‍ തന്നെയായിരിക്കും ഇതിന്‍റെ ഉപജ്ഞാതക്കളും – നോക്കുകൂലി എന്ന പേരില്‍ – സായിപ്പന്മാര്‍ ഇതിപ്പോള്‍ പൊക്കിക്കൊണ്ടുവരുന്നു എന്നേയുള്ളൂ.

ഭാവിയിലെ നോക്കുകൂലി ജീവനക്കാർ മാത്രമായി കടന്നു വരുന്ന തലമുറകളെ മാറ്റണമോ എന്നതാണ് കേരളം ഇന്ന് ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ഉള്ളവനും ഇല്ലാത്തവനുമെന്ന് വിഭജിക്കപ്പെടാന്‍ പോകുന്ന നാലാം വ്യാവസായിക വിപ്ലവകാലഘട്ടത്തില്‍ സാമൂഹിക സമത്വം ഉറപ്പുവരുത്താനുള്ള സങ്കേതങ്ങള്‍ തേടുന്നതിനൊപ്പം തന്നെ, ഒരു പക്ഷെ അതിനേക്കാള്‍ പ്രാധാന്യത്തോടെ, പുതുലോകത്ത് സൃഷ്ടിക്കപ്പെടുവാന്‍ പോകുന്ന അവസരങ്ങളിലേക്ക് പുതുതലമുറയെ കൈ പിടിച്ച് നടത്തി മേലേത്തട്ടിലേക്ക് കടത്തിവിടുവാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുകയെന്നതാണ് സുപ്രധാനമായും നാം ചെയ്യേണ്ട ധര്‍മ്മം. അല്ലാതെ അവസാനം ആ ബസ്സും മിസ്സായല്ലോ എന്ന് പരിതപിക്കാനിടയാകുന്നതില്‍ ഒരു കാര്യവുമില്ല. ഗുണപരമായ ജോലികളിലേക്കും അവസരങ്ങളിലേക്കും കേരളയുവജനതയെ കടത്തിവിടുവാന്‍ സാദ്ധ്യമായ ഏറ്റവും പ്രധാനപ്പെട്ട സങ്കേതം അന്നും ഇന്നും വിദ്യാഭ്യാസം തന്നെയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കേരളം ഇന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് തീര്‍ത്തും പിന്നില്‍ തന്നെയാണ്. ഈ സ്ഥിതി മാറണം, അത് എത്രയും പെട്ടെന്ന് മാറണം, പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത്.

കലാലയത്തിന്‍റെ നാലു ചുവരുകള്‍ക്കപ്പുറം ടെക്സ്റ്റുബുക്കുകളുടെ പരിധിക്കപ്പുറം എന്തുനടക്കുന്നുവെന്നറിയാതെ, അതിവേഗം മുന്നോട്ട് കുതിക്കുന്ന ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലാതെ കൂപമണ്ഡൂകങ്ങള്‍ക്കു സമാനമായി അദ്ധ്യാപകരും വിദ്യാർത്ഥികളും തീരുന്ന സ്ഥിതിവിശേഷം
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് പൂര്‍ണ്ണമായും മാറ്റപ്പെടണം. സാങ്കേതിക ലോകത്തെ മാറ്റങ്ങൾ ശരവേഗം ഉള്‍ക്കൊള്ളുവാന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ സാധിക്കണം. മാറുന്ന ജീവിത സാഹചര്യങ്ങളുമായി ബന്ധമുള്ള യഥാര്‍ത്ഥ ഗവേഷണസംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ധ്യാപകര്‍ക്കും, അതില്‍ നിന്നും ഉരുത്തിരിയുന്ന ഗവേഷണചുവയുള്ള പ്രൊജക്ടുകള്‍ ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഒരുക്കണം. ബള്‍ക്ക് ക്യാംപസ് പ്ലേസ്മെന്‍റ് ഡ്രൈവുകള്‍ കലാലയങ്ങളുടെ പടിയിറങ്ങുന്ന ഈ കാലയളവില്‍ സംരംഭക പ്രസ്ഥാനങ്ങളിലൂടെ മറ്റുള്ളവര്‍ക്കു കൂടി തൊഴില്‍ നല്‍കുന്നവരായി തീരുവാനുള്ള പരിശീലനവും പ്രോത്സാഹനവും വിദ്യാർത്ഥികൾക്ക് ഒരുക്കപ്പെടേണ്ടിയിരിക്കുന്നു.

വേഗതയാണ് ഒരു പരിധിവരെ ഇവിടെ വിജയമന്ത്രം. കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളും ഉൾക്കൊള്ളുന്ന എ. പി. ജെ. അബ്ദുല്‍ക്കലാം യൂണിവേഴ്സിറ്റി ചുരുങ്ങിയ കാലയളവില്‍ കൊണ്ടുവന്ന ഗുണപരമായ പല പരിഷ്കാരങ്ങള്‍ക്കും വേഗതയുടെ ഈ കയ്യൊപ്പ് ഉണ്ടായിരുന്നു. അത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവ തിരുത്തി വര്‍ദ്ധിത ആര്‍ജ്ജവത്തോടെ പരിഷ്കാരങ്ങള്‍ – സിലബസിലും, ക്രെഡിറ്റ് സന്പ്രദായത്തിലും, അദ്ധ്യാപനരീതികളിലും, പരീക്ഷ നടത്തിപ്പിലും – തുടരുവാന്‍, പുതു വത്സരത്തിൽ കടന്നുവരുവാന്‍ പോകുന്ന പുതിയ നേതൃത്വത്തിനുമാകണം. ഈ ഏറ്റവും അടുത്ത നാളില്‍ എ. ഐ.സി.ടി.ഇ നിര്‍ദ്ദേശിച്ചപോലെ തന്നെ നിര്‍മ്മിതബുദ്ധിയും, റോബോട്ടിക്സും, ഇന്‍റര്‍നെറ്റ് ഓഫ് തിംങ്സും കെ ടി യുവിന്റെ എഞ്ചിനീയറിംഗ് സിലബസില്‍ എത്രയും പെട്ടെന്നുതന്നെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കണം. റോബോട്ടിക്സിലും, ഇന്‍ഡസ്ട്രിയില്‍ ഓട്ടോമേഷനിലും, നിര്‍മ്മിതബുദ്ധിയിലും പുതിയ ബി.ടെക്, എം.ടെക്, കോഴ്സുകള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കണം. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കാനുതകുന്ന റോബോട്ടിക് ലാബുകളുടേയും ഓട്ടോമേഷന്‍ ലാബുകളുടേയും സൂപ്പര്‍ കംപ്യൂട്ടിംഗ് ലാബുകളുടേയും ഒരു ശൃംഖലതന്നെ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ച് കൊണ്ടുവരുവാന്‍ സാധിക്കണം. ഇതിന് സർവകാല ശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സര്‍ക്കാരിന്‍റെ പരിപൂര്‍ണ്ണ പിന്തുണയുമുണ്ടാകണം. കേരളമെങ്ങും സംരംഭക പ്രസ്ഥാനങ്ങള്‍ക്ക് തിരികൊളുത്താന്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി സര്‍ക്കാര്‍ നടത്തിയ അഭിനന്ദനാര്‍ഹമായ മുന്‍കൈ, മേല്‍പ്പറഞ്ഞ രംഗങ്ങളിലും ഉണ്ടാകണം. അതോടൊപ്പം തന്നെ സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് കൊളുത്തിയ തിരി, ക്യാംപസ് കേന്ദ്രീകൃതമായ പുതിയ പദ്ധതികളിലൂടെ അണയാതെ നോക്കുകയും വേണം.

സര്‍വ്വോപരി, പ്രൊഫഷണൽ രംഗത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരമാവധി സ്വയംഭരണം നല്‍കണം. നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ കാറ്റിനൊപ്പം മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ ഇതിലും ശക്തമായ ലഭ്യമായ ഒരു മാര്‍ഗ്ഗവും നമ്മുടെ മുന്പിലുണ്ടാവില്ല. തീര്‍ച്ചയായും സാമൂഹിക സുരക്ഷയ്ക്കുള്ള നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ മാത്രം അത് കൊടുത്താല്‍ മതി. പക്ഷെ അതു നടക്കാത്തത് സംസ്ഥാനത്തെ സംബന്ധിച്ച് ആത്മഹത്യാപരം തന്നെയായിരിക്കും. ഏറ്റവും ഒടുവിലായി, എന്തുകൊണ്ടാണ് കേരളത്തില്‍ ഇതുവരെയും പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ഇല്ലാതായിപ്പോയത് ? അതിന് തടസ്സം നില്‍ക്കുന്ന കാരണങ്ങള്‍ എന്തുതന്നെയാണെങ്കിലും ശരി, അവയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ട്, മാറ്റു തെളിയിച്ചിട്ടുള്ള കുറച്ച് നല്ല പ്രസ്ഥാനങ്ങളെയെങ്കിലും ചിറകുകള്‍ സ്വതന്ത്രമാക്കി പറന്നുയരുവാന്‍ നാം അനുവദിക്കുന്നില്ലെങ്കില്‍ നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ ബസ്സും നമുക്കു മിസ്സാകാന്‍ അതും ഒരു വലിയ കാരണമായിത്തീരും . പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

തൃശൂര്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ആണ് ലേഖകന്‍.

Published in Deepika Daily on 10-01-2018

26685085_1777940098917639_6332864720753674993_o

Comments are closed.