എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം അടിമുടി മാറുമ്പോള്‍

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം വീണ്ടും അടിമുടി മാറുമ്പോള്‍

ഈ വരുന്ന ജൂണ്‍ മാസത്തോടുകൂടെ ആദ്യബാച്ച് പുറത്തിറങ്ങുന്ന എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെ.ടി.യു) സമഗ്രമായ പാഠ്യപദ്ധതി നവീകരണത്തിന് തയ്യാറെടുക്കുമ്പോള്‍ ഈ വര്‍ഷം എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ചേരാന്‍ തയ്യാറെടുക്കുന്നവരെ (ഇന്ന് എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കുവേണ്ടി കടന്നു ചെല്ലുന്ന വിദ്യാർത്ഥികളെ ഈ വര്‍ഷം) കാത്തിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് ഉറപ്പായി. ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി (AICTE) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പാഠ്യപദ്ധതി നവീകരണവുമായിട്ടും, പരീക്ഷാ പരിഷ്ക്കരണവുമായിട്ടും പ്രവൃത്തി പരിശീലനവുമായും (Internship) പുറപ്പെടുവിച്ച ത്രിവിധ മാര്‍ഗ്ഗ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഈ മാറ്റങ്ങള്‍ ഉണ്ടാകുക. കൃത്രിമബുദ്ധിയും കൃത്രിമ മനുഷ്യരും മുന്നില്‍ നിന്നും നയിക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തിനപ്പുറം, സാങ്കേതിക വിദ്യയെ മാനുഷികതയിലേക്ക് വീണ്ടും പറിച്ചു നടാന്‍ സാഹായിക്കുന്ന സാമൂഹിക, ജൈവ ശാസ്ത്ര സങ്കേതങ്ങളാല്‍ നയിക്കപ്പെടാന്‍ പോകുന്ന അഞ്ചാം വ്യാവസായിക വിപ്ലവം ഇന്നത്തെ യുവതലമുറയുടെ കാലത്തുതന്നെ സംഭവിക്കുമെന്ന നിരീക്ഷണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ അവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പാഠ്യക്രമനവീകരണം കാലഘട്ടത്തിന്‍റെ അനിവാര്യത കൂടെയാണ്. വളരെ ജനകീയമായ രീതിയില്‍ തന്നെ, സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളെയും മൂന്ന് മേഖലകളായി തിരിച്ച് എല്ലാ പ്രിന്‍സിപ്പള്‍മാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇതിനകം തന്നെ കെ.ടി.യു. താല്‍പ്പര്യം കാണിച്ചു എന്നത്  ശ്ലാഘനീയമാണ്. കെ.ടി.യു. പ്രിന്‍സിപ്പള്‍മാരുടെ മീറ്റിങ്ങില്‍ അവതരിപ്പിച്ച 34 നിര്‍ദ്ദേശങ്ങള്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷാകര്‍ത്താക്കളുമടങ്ങുന്ന സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടവരും, ഇന്‍ഡസ്ട്രിയിലെയും അക്കാദിമിയയിലെയും വിദഗ്ദരുമടങ്ങുന്ന പൊതുസമൂഹവും വിശദമായി ചര്‍ച്ച ചെയ്യേണ്ടവയാണ്, അവ ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ ചില ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുകയാണ്.

മാറുന്ന പഠനരീതികളും, കുറയുന്ന പഠനഭാരവും

പരിശീലനത്തിന്‍റെ ആത്യന്തികഫലങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനക്രമത്തെ (Outcome Based Learning) രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്ന ദേശീയ അക്രഡിറ്റേഷന്‍ സമിതിയുടെ (NBA) വിദ്യാഭ്യാസക്രമങ്ങളോട് ചേര്‍ന്നുപോകുന്നതായിരിക്കണം പുതിയ പഠനക്രമമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം. സംസ്ഥാനത്ത് എന്‍.ബി.എ. അക്രിഡിറ്റേഷന്‍ നേടിയിട്ടുള്ള മുന്‍നിര കോളേജുകള്‍ എല്ലാംതന്നെ ഈ പാഠ്യസമ്പ്രദായം ഇപ്പോള്‍ തന്നെ പിന്തുടുരുന്നവരാണ്. എന്‍.ബി.എ. അക്രിഡിറ്റേഷന്‍ ഇല്ലാത്ത കോളേജുകളിലും കോഴ്സുകളിലും പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പല അറബ് രാജ്യങ്ങളും വികസിത രാജ്യങ്ങളും വര്‍ക്ക് വിസ പോലും കൊടുക്കാത്തത് കൊണ്ടും, 2021-ഓട് കൂടെ എന്‍.ബി.എ. ഇല്ലാത്ത  കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി തുടര്‍ന്ന് ലഭിച്ചേക്കില്ല എന്ന് കേന്ദ്രമാനവശേഷി മന്ത്രാലയം സൂചിപ്പിച്ചുട്ടുള്ളതുകൊണ്ട് ഈ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണ്. വ്യവസായലോകത്ത് നടക്കുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കാനും സംരംഭകത്വ, ക്രിയാത്മക മുന്നേറ്റങ്ങളെ ശക്തിപ്പെടുത്താനും, വിദ്യാര്‍ത്ഥികളെ ജോലി സന്നദ്ധരാക്കി തീര്‍ക്കാനും ഈ നീക്കത്തിന് സാധിക്കും.

ക്ലാസ് റൂം അദ്ധ്യാപനത്തിന് ഉപരിയായി സര്‍ഗ്ഗാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ബി.ടെക് പഠനത്തിന് ഇപ്പോള്‍ ആവശ്യമുള്ള 180 ക്രെഡിറ്റിന്‍റെ സ്ഥാനത്ത് ഇനി മുതല്‍ 160 ക്രെഡിറ്റിന്‍റെ ആവശ്യമേ ഉണ്ടാകൂ. അത് പഠനഭാരം ലഘൂകരിക്കും. എട്ട് സെമസ്റ്റര്‍ ബി.ടെക് പഠനകാലത്ത് ഇപ്പോള്‍ ഓരോ സെമസ്റ്ററിലും ആറ് വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ ഇനി മുതല്‍ അത് അഞ്ച് വിഷയങ്ങള്‍ മാത്രമാകും. (മിക്കവാറും എല്ലാ വിദേശ സര്‍വ്വകലാശാലകളിലും ഇത് നാല് വിഷയങ്ങള്‍ മാത്രമാണെന്നതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്). ഇതു കൂടാതെ പരിസ്ഥിതി ശാസ്ത്രം, ഭരണഘടന, ഭാരത വിജ്ഞാനപാരമ്പര്യം മുതലായ ക്രെഡിറ്റില്ലാത്ത ചില പൊതുവിഷയങ്ങളും പുതുതായി ഉള്‍പ്പെടുത്തുന്നുണ്ട്. അതോടൊപ്പം തന്നെ ഇപ്പോള്‍ ഓരോ വിഷയത്തിനുമുള്ള ആറ് മൊഡ്യൂള്‍ അഞ്ചാക്കി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ ബി.ടെക് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനഭാരം വളരെ കുറയുകയും, സര്‍ഗ്ഗാത്മക ശേഷിയെ വളര്‍ത്താനുള്ള സങ്കേതങ്ങള്‍ കൂടുകയും ചെയ്യും.

എല്ലാവര്‍ക്കും ഓണേഴ്സ്

കെ.ടി.യു. മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന നിര്‍ദ്ദേശം യോഗ്യതയുള്ള എല്ലാവര്‍ക്കും ബി.ടെക്. ഓണേഴ്സ് ബിരുദം നേടുവാന്‍ അവസരമുണ്ടാകണമെന്നതാണ്. ബി.ടെക്. ബുരുദത്തിന് നിര്‍ദ്ദേശിക്കപ്പെടുന്ന 160 ക്രെഡിറ്റിനു പുറമെ 20 ക്രെഡിറ്റുകൂടെ നേടുകയാണെങ്കില്‍ ഓണേഴ്സ് ബിരുദം നല്‍കാമെന്നാണ് ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി തന്നെ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം (Ref: AICTE Model Curriculam for UG in Engineering & Technology, Jan. 2018, Page 3) ഇതിന്‍റെ ചുവട് പിടിച്ച് ബി.ടെകിന് ചേരുന്ന ഏതു വിദ്യാര്‍ത്ഥിക്കും ഇത്തരത്തില്‍ 20 ക്രെഡിറ്റുകള്‍ കൂടുതലായി നേടിക്കൊണ്ട് ഓണേഴ്സ് ബിരുദം കരസ്ഥമാക്കുവാന്‍ സാധിക്കും. ഇപ്പോള്‍ എന്‍.ബി.എ.യും, ബുരുദാനന്തരബിരുദവും ഉള്ള കോളേജുകള്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള ഈ സൗകര്യം അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുറന്നുകൊടുക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. എന്നാല്‍ വളരെ ഉയര്‍ന്ന CGPA (മാര്‍ക്ക് ശതമാനം) ഉള്ളവര്‍ക്ക് മാത്രമേ ഓണേഴ്സ് കൊടുക്കാവൂ എന്ന പ്രാഥമിക നിര്‍ദ്ദേശം പുനപരിശോധിക്കേണ്ടതാണ്. ഓണേഴ്സിന് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴ്ന്ന സെമസ്റ്ററുകളില്‍ ഒരു നിശ്ചിതശതമാനം CGPA വേണമെന്ന് നിഷ്കര്‍ഷിക്കുകയും (എന്‍ട്രി മെറിറ്റ്) അതിനുശേഷം ആവശ്യമായ അധിക ക്രെഡിറ്റ് നേടുന്നവര്‍ക്കെല്ലാം ഓണേഴ്സ് ബിരുദം നല്‍കുന്നതുമാകും അഭികാമ്യം.

പ്രവര്‍ത്തിപരിശീലന കാലഘട്ടം

ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതിയുടെ (AICTE) മറ്റൊരു പ്രധാന നിര്‍ദ്ദേശമാണ് ഒരു ക്രെഡിറ്റിന് 40 മുതല്‍ 45 മണിക്കൂര്‍ വരെയെന്ന കണക്കില്‍ 14 മുതല്‍ 20 വരെ ക്രെഡിറ്റുകള്‍ പ്രവര്‍ത്തി പരിശീലനത്തിലൂടെ (Internship) നേടണമെന്നത് (Ref: AICTE Internship Policy, Page 6). അംഗീകരിക്കപ്പെട്ട കമ്പനികളിലും, വ്യവസായശാലകളിലും, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബിരുദ പഠനത്തിന് അനുയോജ്യമായ പരിശീലനം നാലുവര്‍ഷത്തെ പഠനത്തിന് ഇടയിലുള്ള അവധിക്കാലങ്ങളില്‍ നേടണമെന്നാണ് ഇത് നിഷ്കര്‍ഷിക്കുന്നത്. എം.ബി.ബി.എസ്സുകാരുടെ ഹൗസ് സര്‍ജന്‍സിയോട് സദ്യശ്യമായ ഈ നിര്‍ദ്ദേശം തീര്‍ച്ചയായും ബി.ടെക് വിദ്യാഭ്യാസത്തിന്‍റെ പ്രായോഗിക ക്ഷമതയെ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വെള്ളം ചേര്‍ക്കാതെ തന്നെ നടപ്പിലാക്കേണ്ട ഒരു നിര്‍ദ്ദേശമാണിത്. അതിനുള്ള സമയം സര്‍വ്വകലാശാലയുടെ അക്കാദമിക് കലണ്ടറില്‍ ഉള്‍പ്പെടുത്തുകയും വേണം.

പക്ഷെ പ്രവര്‍ത്തി പരിചയ പദ്ധതിക്ക് പകരം നിര്‍ബന്ധിത പഠന യാത്രയെന്ന കെ.ടി.യു നിര്‍ദ്ദേശം തീര്‍ത്തും നിര്‍ഭാഗ്യകരം എന്നുപറയേണ്ടിവരും. കാരണം പത്ത് പതിനഞ്ച് ദിവസങ്ങളുള്ള യാത്രയില്‍ രണ്ട് ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് നടത്തുകയേ വേണ്ടൂ എന്ന നിര്‍ദ്ദേശം, അതിനെ ഒരു വിനോദയാത്ര മാത്രമായി നിസ്സാരവല്‍ക്കരിക്കുകയേയുള്ളൂ. ഇനിയും പഠന/വിനോദയാത്ര വേണമെന്ന് സര്‍വ്വകലാശാല തീരുമാനിക്കുകയാണെങ്കില്‍ അതിനുള്ള ദിവസങ്ങള്‍ കൃത്യമായി സര്‍വ്വകലാശാല അക്കാദമിക് കലണ്ടറില്‍ രേഖപ്പെടുത്തുവാന്‍ തയ്യാറാവണം. അല്ലാതെ അതിന് സമയം കണ്ടെത്തേണ്ടതിന്‍റെ ഉത്തരവാദിത്വം അഫിലിയേറ്റഡ് കോളേജുകളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയായ കീഴ് വഴക്കമാവില്ല.

പഠനയാത്ര എന്ന പേര്‍ ഉപേക്ഷിച്ച് ഇന്‍ഡസ്ട്രി വിസിറ്റ് എന്ന പേര്‍ നിലനിര്‍ത്തുന്നതും ഇപ്പോള്‍ കെ.ടി.യു. അനുവര്‍ത്തിക്കുന്നതു പോലെ ഇന്‍ഡസ്ട്രി വിസിറ്റിന് നിശ്ചിത ആക്ടിവിറ്റി പോയിന്‍റ് എന്ന പദ്ധതി അതേപോലെ നിലനിറുത്തുന്നതുമാകും  ബി.ടെക് പോലുള്ള പ്രഫഷണല്‍ കോഴ്സുകള്‍ക്ക് നല്ലത്.

മാറ്റപ്പെടേണ്ട വേനല്‍കാല ക്ലാസുകളും, യോജിപ്പിക്കപ്പെടേണ്ട ആദ്യസെമസ്റ്ററുകളും

ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് മെയ് 14 വരെ ക്ലാസുണ്ട്. ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ കഠിനമായ വേനല്‍ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഇത്തരത്തിലുള്ള വേനല്‍കാലക്ലാസുകള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയായി മാറുകയാണ്. മാര്‍ച്ച് മാസത്തോടു കൂടെ എല്ലാ വര്‍ഷക്കാര്‍ക്കും ക്ലാസുകള്‍ അവസാനിക്കുന്ന രീതിയില്‍ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കണമെങ്കില്‍, മുന്‍പ് പല സര്‍വ്വകലാശാലകളിലും ചെയ്തിരുന്നതുപോലെ ആദ്യവര്‍ഷക്കാരുടെ ഒന്നും രണ്ടും സെമസ്റ്ററുകള്‍ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച് കെ.ടി.യു. തുറന്ന മനസ്സോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ കെ.ടി.യു വിഭാവനം ചെയ്തിരിക്കുന്ന 40 വിഷയങ്ങള്‍ (5×8) എന്നതില്‍ നിന്നും 36 വിഷയങ്ങളിലേക്കുവരെ ചുരുക്കുവാന്‍ ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതി അനുവദിക്കുന്നതുകൊണ്ട്, ആ സൗകര്യം ഉപയോഗിച്ച് വിഷയങ്ങളുടെ എണ്ണം നിജപ്പെടുത്തി ഒന്നും രണ്ടും സെമസ്റ്ററുകള്‍ ഒന്നാക്കുവാന്‍ കെ.ടി.യു.വിന് അവസരമുണ്ട്.

പരീക്ഷയും മൂല്യനിര്‍ണ്ണയവും

ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഇന്‍റേണല്‍ മാര്‍ക്കിന് മിനിമം യോഗ്യത എന്ന കടമ്പ എടുത്തുകളയാനുള്ള നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളുടെ ആത്മസംഘര്‍ഷത്തെ കുറയ്ക്കുന്ന നടപടിയാകും. അതോടൊപ്പം തന്നെ ഹാജര്‍ നിലയ്ക്ക് ഇന്‍റേണല്‍ മാര്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശവും ഗുണപരമായ മാറ്റങ്ങള്‍ ഉളവാക്കും. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ നിലവാരം ശാസ്ത്രീയമായി ബ്ലൂംസ് ടാക്സോണമി ഉപയോഗിച്ച് ക്രമപ്പെടുത്തണമെന്ന നിര്‍ദ്ദേശവും ദേശീയ വിദ്യാഭ്യാസ പദ്ധതിയോടെ ചേര്‍ന്നു നില്‍ക്കുന്നതാണ്. എന്നാല്‍ മൂല്യനിര്‍ണ്ണയ സമയത്ത് അപ്രത്യക്ഷമാകുന്ന അദ്ധ്യാപകരെ കണ്ടെത്തി മൂല്യനിര്‍ണ്ണയം വേഗത്തിലും ഗുണപരമായും നടത്താനുള്ള സത്വരനടപടികളും സര്‍വ്വകലാശാല കൈക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും കാരണവശാല്‍ സെമസ്റ്ററിനിടയില്‍ രാജി വച്ചൊഴിയണ്ടി വരുന്ന അദ്ധ്യാപകരുണ്ടെങ്കില്‍ അവരുടെ സര്‍വ്വകലാശാല ഐ.ഡി. മൂല്യനിര്‍ണ്ണയം വരെ തുടാരാന്‍ അനുവദിച്ചാല്‍ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ സാധിക്കും. മൂല്യനിര്‍ണ്ണയത്തിന് അദ്ധ്യാപകര്‍ക്ക് കൊടുക്കേണ്ട വേതനം അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതിക്ക് അടിയന്തിര പരിഹാരമുണ്ടാക്കുകയെന്നതും മൂല്യനിര്‍ണ്ണയം ദ്രുതഗതിയിലാക്കുവാന്‍ സര്‍വ്വകലാശാലയെ സഹായിക്കും.

പാഠ്യപദ്ധതി നവീകരണത്തിലെ ഗുണപരതയും പങ്കാളിത്തവും

ഇപ്പോള്‍ നിലവിലുള്ള പാഠ്യപദ്ധതിയിലെ കുറവുകള്‍ മൂലം, അന്യസംസ്ഥാനങ്ങളിലേക്കുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിറുത്തണമെങ്കില്‍ ഏറ്റവും പ്രധാനമായി വേണ്ടത് അനാവശ്യമായി വലിച്ചു നീട്ടപ്പെടാത്ത, എന്നാല്‍ കാതലായ ഭാഗങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാത്ത ഒരു പാഠ്യപദ്ധതി (Syllabus) പങ്കാളിത്ത കൂടിയാലോചനയിലൂടെയും വിദഗ്ദാഭിപ്രായ സ്വരൂപണത്തിലൂടെയും നടത്തുക എന്നതാണ്. അടുത്ത അദ്ധ്യയനവര്‍ഷം തുടങ്ങുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതുകൊണ്ട് ഇനിയൊരല്‍പ്പം പോലും വൈകാതെ അതിനുള്ള കമ്മറ്റികളും മീറ്റിങ്ങുകളും സര്‍വ്വകലാശാല അടിസ്ഥാനത്തിലുള്ള അഭിപ്രായ സ്വരൂപണങ്ങളും ദ്രുതഗതിയില്‍ നടത്തേണ്ടിയിരിക്കുന്നു. ഓരോ വിഷയങ്ങളിലും പ്രഗത്ഭരായ അദ്ധ്യാപകര്‍ക്ക് 160-ഓളം വരുന്ന അഫിലിയേറ്റഡ് കോളേജുകളില്‍ ഒരു പഞ്ഞവുമില്ല. അവര്‍ക്കെല്ലാം ഓരോ വിഷയത്തെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസരമൊരുക്കണം. അതോടൊപ്പം തന്നെ ഐ.ഐ.ടി. മുതലായ ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഗത്ഭരുടെ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുവാന്‍ നമുക്കാകണം.

ഈ പ്രക്രിയയില്‍ ഉപേക്ഷിക്കപ്പെടാന്‍ പാടില്ലാത്ത ഒരു കാര്യം കൂടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസത്തിലെ ഗുണമേന്മയുടെ അവസാനവാക്കായ എന്‍.ബി.എ. അക്രഡിറ്റേഷന്‍ ഉള്ള സംസ്ഥാനത്തെ 24 കോളേജുകളില്‍ പകുതിയും സ്വാശ്രയ മേഖലയില്‍ ഉള്ളവയാണ്. അതില്‍ തന്നെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ള കോഴ്സുകളില്‍ 60%ല്‍ അധികവും സ്വാശ്രയ മേഖലയില്‍ തന്നെയാണ്. പലപ്പോഴും പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സമിതികളില്‍ ഗവണ്‍മെന്‍റ്, എയ്ഡഡ് കോളേജുകള്‍ക്കും അവിടെയുള്ള അദ്ധ്യാപകര്‍ക്കും ഒരു മേല്‍കൈ വന്നു ചേരാറുണ്ടെങ്കിലും, ഏറ്റവും അധികം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും നേരത്തെ സൂചിപ്പിച്ചതുപോലെ ഗുണപരമായ സാങ്കേതിക വിദ്യാഭ്യാസം സംസ്ഥാനത്ത് ഏറ്റവും അധികം പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അകറ്റി നിറുത്താതെ, ഈ ക്രിയാത്മക പ്രക്രിയകളിലും സമിതികളിലും അര്‍ഹമായ പ്രാധിനിത്യം കൊടുക്കുവാന്‍ സര്‍വ്വകലാശാല സവിശേഷമായ ശ്രദ്ധ ചെലുത്തണം.

ഉപസംഹാരം

ഈ ദിവസങ്ങളില്‍ (ഇന്നേദിവസം) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കുമുള്ള സുവാര്‍ത്ത, കാലോചിതമായി പരിഷ്കരിക്കപ്പെടാന്‍ പോകുന്ന അധിക പഠനഭാരമില്ലാതെ, ലളിതവും അതേസമയം കാതലായ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതുമായ പുതിയ പാഠ്യപദ്ധതിയനുസരിച്ച് പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നതാണ്. പ്രായോഗികമായ അറിവില്‍ ഊന്നി പരിശീലന ഫലങ്ങള്‍ അടിസ്ഥാനമാക്കിയ പഠനരീതി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ഗ്ഗാത്മകമായി ചിന്തിക്കാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും അവസരം നല്‍കും. കേരളത്തില്‍ പൊതുവെ ദൃശ്യമായിരിക്കുന്ന സംരഭംകത്വത്തിന്‍റെ സംസ്ക്കാരത്തിലേക്ക് കടന്നു ചെല്ലാനും, നവസാങ്കേതിക സങ്കേതങ്ങളെ ഭയപ്പാടുകൂടാതെ സമീപിക്കുവാനും ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. അതുകൊണ്ട് തന്നെ യാതൊരു ഭയപ്പാടും ചാഞ്ചല്യവും കൂടാതെ നിങ്ങള്‍ പ്രവേശന പരീക്ഷാഹാളിലേക്ക് കടന്നു ചെല്ലുക. നാലാം വ്യാവസായിക വിപ്ലവത്തിനുമപ്പുറമുള്ള പുതുലോകം നിങ്ങളുടേതാണ്.

ഫാ. ഡോ. ജെയ്സണ്‍ മുളേക്കരില്‍ സി.എം.ഐ.

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പാള്‍ ആണ് ലേഖകന്‍.

ദീപിക ദിനപത്രത്തിൽ മെയ് 3, 2019 ൽ മുഖ ലേഖനമായി പ്രസിദ്ധീകരിച്ചത്

630590d8-c088-48e9-9cc8-9cb6e58d686b

 

Comments are closed.