ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുരുളഴിക്കുമ്പോൾ

nep-feature

ഭരണത്തില്‍ കയറി 48 മണിക്കൂറിനുള്ളില്‍ മേശപ്പുറത്ത് വയ്ക്കപ്പെട്ട പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ കരട്, രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്മാനാണെന്ന് വേണം കരുതാന്‍. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ തുറന്നു നോക്കാതെ അതിനകത്ത് ഉള്ളതെന്തെന്ന് പറയാന്‍ സാധിക്കാത്തതുപോലെ നാനൂറ്റിഎൺപതോളം പേജുള്ള, ഇംഗ്ലീഷില്‍ മാത്രം ഇറക്കിയിരിക്കുന്ന ഈ സമ്മാനം ഒരു പൊതിയാതേങ്ങ പോലെ തന്നെയാണ് ഭാരതമഹാരാജ്യത്തിന്‍റെ ഭൂരിപക്ഷത്തിന്‍റെ മുന്‍പിലും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഈ വരുന്ന 30-ാം തിയതിക്കകം അറിയിക്കണമെന്ന് കട്ടായം പറയുന്വോള്‍ ഇത്ര  ബ്രഹത്തായ, സര്‍വ്വസ്പര്‍ശിയായ ഒരു രേഖ ശരിയായ അര്‍ത്ഥത്തിലും വ്യാപ്തിയിലും ചര്‍ച്ച ചെയ്യപ്പെടുവാനുള്ള സാവകാശം നല്‍കുന്നുണ്ടോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. കുറഞ്ഞപക്ഷം മാതൃഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുവാനുള്ള സമയമെങ്കിലും കൊടുക്കേണ്ടതായിരുന്നു, സാമാന്യ ജനങ്ങളിലേക്ക് ഈ നയത്തിന്‍റെ കാതലായ ഭാഗങ്ങള്‍ എങ്കിലും എത്തിക്കുവാന്‍.

രാജ്യത്തെ വിദ്യാഭ്യാസ സന്പ്രദായത്തിന്‍റെ അലകും പിടിയും മാറ്റപ്പെടുന്ന രീതിയില്‍, ദൂരവ്യാപകമായ ഫലങ്ങള്‍ – നല്ല രീതിയിലും, മോശം രീതിയിലും – ഉണ്ടാക്കുന്നവയാണ് ഈ രേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ അധികവും. പത്താം ക്ലാസ്സിനുശേഷം, പ്ലസ്ടു എന്ന വിദ്യാഭ്യാസക്രമംതന്നെ മാറ്റണമെന്നും, 2020-ന് ശേഷം പുതിയ അഫിലിയേറ്റഡ് കോളേജുകള്‍ ഒന്നും തന്നെ അനുവദിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നമ്മെ ആശങ്കപ്പെടുത്തുമെങ്കില്‍, നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തക്കവിധം പുതിയ തലമുറയെ രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിവിധ വൈവിധ്യ (Interdisciplinary) പാഠ്യരീതി വിദ്യാഭ്യാസത്തിന്‍റെ സമഗ്രമേഖലകളിലും അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ പ്രതീക്ഷ പകരുന്നതാണ്.

പുതിയ കസ്തൂരിരംഗൻ റിപ്പോർട്ട് 

1980-ല്‍ രാജീവ്ഗാന്ധി ഗവണ്‍മെന്‍റ് അവതരിപ്പിച്ച അവസാനത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്  ശേഷം (1992-ലെ നരസിംഹറാവു ഗവണ്‍മെന്‍റ് ഇത് ഭേദഗതി ചെയ്തിട്ടുണ്ട്) നീണ്ട 33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പുതിയ നയം പുറത്തിറക്കുന്നത്. കേരളീയര്‍ക്ക് മറ്റൊരു രീതിയില്‍ വളരെ പരിചയമുള്ള കസ്തൂരിരംഗന്‍റെ അദ്ധ്യക്ഷതയില്‍, കേരളത്തില്‍നിന്നും അല്‍ഫോണ്‍സ് കണ്ണന്താനവും (കേന്ദ്രമന്ത്രിയാകുന്നത് വരെ) ഉള്‍പ്പെട്ടിരുന്ന കമ്മറ്റിയാണ് ഈ നയത്തിന്‍റെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും നമ്മുടെ ആശങ്കകള്‍ പലതാണ്. 

കേന്ദ്രവത്ക്കരണത്തിന്റെ അതിപ്രസരം 

രാജ്യത്തെ ഫെഡറല്‍ സംസ്ക്കാരത്തെ തകര്‍ക്കുന്ന രീതിയില്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് അതിശക്തമായ ഒരു കേന്ദ്രീകൃത വിദ്യാഭ്യാസചട്ടക്കൂട് പുതിയ നയം വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി കൂടാതെത്തന്നെ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രഗവണ്‍മെന്‍റിനെ അധികാരപ്പെടുത്തുന്ന നീക്കം കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഉര്‍വ്വശീശാപം ഉപകാരമെന്ന പോലെ നന്നായേക്കാമെങ്കിലും ഇതുവരെയുള്ള കീഴ് വഴക്കങ്ങളിൽ   നിന്നുള്ള വിട്ടുപോരലാണ്. എല്ലാ വിദ്യാഭ്യാസ ഏജന്‍സികളെയും നിരീക്ഷിക്കുവാന്‍ ഒരു പുതിയ ദേശീയ വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കുമെന്ന് പറയുമ്പോൾ ആ കമ്മീഷന്‍ രാജ്യത്തെന്പാടുമുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ ഒരു “ബിഗ് ബ്രദര്‍” ആകുവാനാണ് സാദ്ധ്യത. അതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ് രാജ്യത്തെ എല്ലാ അദ്ധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ഒറ്റയിടത്ത് ഓണ്‍ലൈനായി ശേഖരിക്കാന്‍ ഒരുങ്ങുന്ന ദേശീയ വിദ്യാഭ്യാസ ടെക്നോളജി ഫോറത്തെക്കുറിച്ചുള്ള നിർദ്ദേശവും. മാത്രമല്ല ഇത്തരം കമ്മറ്റികളെല്ലാം തന്നെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാഭ്യാസരംഗത്ത് ഒരു കരിയിലയനങ്ങിലാല്‍ ഭരണകൂടത്തിന് അറിയുവാനും നിയന്ത്രിക്കുവാനും സാധിക്കുന്ന തരത്തില്‍ സമഗ്രമായ ഒരു ചട്ടക്കൂടാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 

ഈ പ്രക്രിയയിലേക്ക് മൂന്നുവയസ്സുമുതലുള്ള കൊച്ചുകുട്ടികളെവരെയും ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നുള്ള സംശയം ജനിപ്പിക്കുന്നുണ്ട്, പുതിയ കരട് രേഖ. ഇപ്പോഴുള്ള 10+2 സ്ക്കൂള്‍ വിദ്യാഭ്യാസ പദ്ധതിയുടെ സ്ഥാനത്ത് മൂന്ന് വയസ്സില്‍ നഴ്സറിയില്‍ പോകുന്ന കുട്ടികളെക്കൂടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തി 5+3+3+4 എന്ന വിദ്യാഭ്യാസ പദ്ധതി നിര്‍ദ്ദേശിക്കപ്പെടുന്പോള്‍, അതിന് എന്തെല്ലാം നല്ല വശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും ദേശീയതയിൽ മുക്കിയ പ്രത്യയശാസ്ത്രത്തെ, കുപ്പിപ്പാലിനൊപ്പം തന്നെ ഒരു തലമുറയിലേക്ക് കടത്തിവിട്ട്, കൃത്യമായ നിരീക്ഷണ കവചമൊരുക്കി, ഒരൊറ്റ അച്ചില്‍ അവരെ വാര്‍ത്തെടുക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്ന് തോന്നിയാല്‍ ആര്‍ക്കും കുറ്റം പറയാന്‍ സാധിക്കില്ല, ബഹുസ്വരതയെ തുരങ്കം വയ്ക്കുന്നുവെന്ന് തോന്നുന്ന ഇത്തരം നീക്കങ്ങളാണ് ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരായി തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാക്കുകകയും അതേ തുടര്‍ന്ന് കരട് നയം തിരുത്തപ്പെടുവാന്‍ ഇടയാക്കുകയും ചെയ്തത്.

മലർപൊടിക്കാരന്റെ സ്വപ്നം മാത്രമോ?

മറ്റൊരു പ്രധാന ആക്ഷേപം, ഒരു ഇലക്ഷന്‍ മാനിഫെസ്റ്റോയെന്നോ, വിഷ് ലിസ്റ്റ് എന്നോ കുരുതാവുന്നതിനുമപ്പുറം പ്രായോഗികമായി നടപ്പാക്കാവുന്ന കര്‍മ്മപദ്ധതികള്‍ ഒന്നും തന്നെ പുതിയ നയം വിഭാവനം ചെയ്യുന്നില്ല എന്നതാണ്. അമേരിക്കയും ഇംഗ്ലണ്ടും, ബ്രസീലുമെല്ലാം മൊത്തം ദേശീയ വരുമാനത്തിന്‍റെ 5% അധികം വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കുന്പോള്‍ ഭാരതം 2.7% മാത്രമാണതു ചെയ്യുന്നതെന്ന് നയരേഖ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും അത് ഇരട്ടിയാക്കണമെന്ന് പറയുന്നതല്ലാതെ, എങ്ങിനെയാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു പദ്ധതിയും അവതരിപ്പിക്കപ്പെടുന്നില്ല. ഗവേഷണരംഗത്ത് രാജ്യത്തിന്‍റെ സ്ഥിതി പരിതാപകരമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, ഗവേഷണഫണ്ട് ഇപ്പോഴുള്ള 0.7 ശതമാനത്തില്‍നിന്നും ഒരു ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നുള്ള വളരെ ചെറിയ ലക്ഷ്യം മാത്രമേ കരട് രേഖ വിഭാവനം ചെയ്യുന്നുള്ളൂ. എല്ലാ ഗവേഷണ ഫണ്ടുകളും നിയന്ത്രിക്കാന്‍ ഒരൊറ്റ ഏജന്‍സി (ദേശീയ ഗവേഷണ ഫൗണ്ടേഷന്‍) സ്ഥാപിക്കുനെന്ന് പറഞ്ഞുകൊണ്ട് അവിടെയും ശക്തമായ അധികാര കേന്ദ്രീകരണം കൊണ്ടുവരുന്നുണ്ട്. ചുരുക്കം പറഞ്ഞാല്‍, കാര്യമായ നിക്ഷേപമോ ആശയങ്ങളോ കൊണ്ടുവരാതെ, ഘടനാപരമായ വലിയ വ്യത്യാസങ്ങള്‍ മാത്രം കൊണ്ടുവന്നുകൊണ്ട് വിദ്യാഭ്യാസരംഗത്തെ ചില പ്രത്യയശാസ്ത്രങ്ങളുടെ കീഴില്‍ കൊണ്ടുവരുവാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ഗിമ്മിക്കായി ഇതു മാറുമോയെന്നുള്ള ഭയം നമ്മിലുണ്ടാകുന്നുണ്ട്. 

അന്യ സംസ്ഥാന സർവ്വകലാശാലകൾ തള്ളിക്കയറാം 

2020-ന് ശേഷം പുതിയ അഫിലിയേറ്റഡ് കോളേജുകള്‍ അനുവദിക്കുയില്ലെന്ന് വരെ പറഞ്ഞു വയ്ക്കുന്നുണ്ട് പുതിയ നയം. അതോടൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ഇപ്പോഴുള്ള എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെയും 2030-ാടുകൂടെ സര്‍വ്വകലാശാലകളായോ സ്വയംഭരണ സ്ഥാപനങ്ങളായോ ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം. ഇതുവരെയും ഒരൊറ്റ സ്വകാര്യ സർവ്വകലാശാല പോലും അനുവദിക്കാത്ത, സ്വയംഭരണത്തിനെതിരെ മുഖം തിരി‍ഞ്ഞു നില്ക്കുന്ന ഗവണ്‍മെന്‍റ് കോളേജുകളും ഉള്ള  കേരളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു നിര്‍ദ്ദേശമാണിത്. കേരളത്തിലെ അർഹതപ്പെട്ട ഉന്നത വിദ്യാഭ്യാസ ഏജൻസികൾക്ക് ഇനിയെങ്കിലും സ്വകാര്യ-കല്പിത സർവ്വകലാശാലകൾ തുടങ്ങുവാനുള്ള എൻ ഓ സി സംസ്ഥാന സർക്കാർ അടിയന്തിരമായി അനുവദിച്ചില്ലെങ്കിൽ പുതിയ നയത്തിന്റെ ബലത്തിൽ അന്യ സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ  കേരളീയസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കികൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കുത്തകകൾ ആയി മാറുന്നതിനു നാം സാക്ഷ്യം വഹിക്കേണ്ടി വരും. 

വിദ്യാഭ്യാസത്തിന്റെ കോർപറേറ്റ് വത്ക്കരണം 

ഇപ്പോഴുള്ള ചെറിയ സ്ക്കൂളുകളും, അങ്കണവാടികളുമെല്ലാം ഒരുമിപ്പിച്ച് വലിയ സ്ക്കൂള്‍ കോപ്ലക്സുകളാക്കണമെന്നും, ഒറ്റ കോഴ്സുകള്‍ മാത്രം പഠിപ്പിക്കുന്ന കോളേജുകള്‍ (എഞ്ചിനീയറിംഗ്, മെഡിക്കല്‍, ബി. എഡ്  കോളേജുകള്‍ വരെ ഈ ഗണത്തില്‍ പെടാം) ഒന്നുകില്‍ നിറുക്കലാക്കണമെന്നും, അല്ലെങ്കില്‍ വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഉദാര കലാസ്ഥാപനങ്ങളായി മാറണമെന്നുള്ള നിര്‍ദ്ദേശങ്ങളൊക്കെ, ഘടനാപരമായി നല്ലതാണ്. എന്നാല്‍ തന്നെയും കഴിഞ്ഞ മോദി സര്‍ക്കാരിന്‍റെ കാലത്ത് തന്ത്രപരമായ മേഖലകളെല്ലാം തന്നെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുന്നതുകൊണ്ട്, ഈ മേഖലയിലുള്ള ചെറിയ സേവനദാതാക്കളെ പുറത്താക്കി വിദ്യാഭ്യാസത്തെ കോര്‍പ്പറേറ്റ് വത്ക്കരിച്ച് രാജ്യത്തെ വിദ്യാഭ്യാസം സാധാരണക്കാരന്‌ അപ്രാപ്യമാക്കുവാനും, വിദ്യാഭ്യാസത്തെ നിസ്വാര്‍ത്ഥ സേവനമായിക്കണ്ട് ശുശ്രൂഷ ചെയ്യുന്ന ഏജന്‍സികളെ പുറം തള്ളാനും  ഈ നയം ഇടയാക്കുമോയെന്ന് ന്യായമായും ആശങ്കപ്പെടേണ്ടി വരും. 

നവ വ്യാവസായിക വിപ്ലവങ്ങളെ  വരവേൽക്കാൻ ഉദാരകലകളുടെ വ്യാപനം  

നിര്‍മ്മിതബുദ്ധിയും, യാന്ത്രമാനുഷികതയും, അനൈശ്ചികയന്ത്രവല്ക്കരണവും ചേര്‍ന്നൊരുക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചും, അതിനപ്പുറത്തേക്ക് യാന്ത്രികതയെ മനുഷ്യന്‍റെ സുകുമാര കലകളുമായും, മാനസീക വ്യാപാരങ്ങളുമായി ഇണക്കി ചേര്‍ക്കാന്‍ സഹായിക്കുന്ന അഞ്ചാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചും ചിന്തിച്ചു കൊണ്ടിരിക്കുന്ന ഈ കാലയളവില്‍, പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചു വയ്ക്കാനാവില്ലെന്ന തിരിച്ചറിവ് ഈ നയരേഖയില്‍ ഉടനീളം കാണുവാന്‍ സാധിക്കും. മാറിവരുന്ന സാങ്കേതിക, പണിയിട സാഹചര്യങ്ങള്‍ക്ക് അനുസരണമായി, സാങ്കേതിക വിദ്യകളും, ലളിത കലകളും, സാഹിത്യവും, സംസ്ക്കാരവുമെല്ലാം സമജ്ഞസമായി ഇഴുകി ചേരുന്ന ഒരു പുതിയ പാഠ്യരീതി അവലംബിക്കേണ്ടത് ആവശ്യമാണെന്നുള്ള വസ്തുത ഈ രേഖ നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ട്. 

ഈ രേഖയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുന്ന പദമാണ് “ഉദാര കലകള്‍” (Liberal Arts) എന്നുള്ളത്. പഠിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ മാത്രമല്ല, ഉപരിപഠനകാലത്ത് എന്‍ട്രി, എക്സിറ്റ് പോയിന്‍റുകള്‍ വരെ സ്വയം നിശ്ചയിക്കാനുള്ള ഉദാരത ഈ രേഖ വിഭാവനം ചെയ്യുന്നുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ കോഴ്സുകളുടെ തിര‍ഞ്ഞെടുപ്പില്‍ വിവിധ വൈവിധ്യത്തെ (inter disciplinary options) പ്രോത്സാഹിപ്പിക്കുകയും, എഞ്ചിനീയറിംഗ്, സാങ്കേതിക പഠനങ്ങള്‍ക്കൊപ്പം തന്നെ സാഹിത്യമോ, ലളിത കലകളോ, അക്കൗണ്ടന്‍സിയോ പോലും മൈനർ വിഷയങ്ങളായി പഠിക്കാനും, തിരിച്ചുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുസരണം സാങ്കേതിക വിദ്യായിലുള്ള പ്രാവീണ്യവും, അവരുടെ മാനുഷീക കഴിവുകളുടെ വികാസവും ഒരുമിച്ച് നടത്തുവാന്‍ ഉതകുന്ന സാഹചര്യമൊരുങ്ങും. ഈ തലമുറ പറിച്ച് നടപ്പെടുന്ന പുതിയ ലോകത്തെ നേരിടുവാന്‍ ഇത്തരം വൈവിധ്യമാര്‍ന്ന കഴിവുകള്‍ അത്യന്താപേക്ഷിതമായി തീരുകയും ചെയ്യും, കാരണം ഇപ്പോഴുള്ള 65 ശതമാനം പ്രൈമറി വിദ്യാര്‍ത്ഥികളും ഭാവിയില്‍ ചെയ്യാന്‍ സാധ്യതയുള്ള ജോലികള്‍ എന്തെന്നുപോലും ഇപ്പോള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല   എന്നതാണ് വിദഗ്ദമതം. എന്തിനേയും നേരിടാന്‍ ഒരുക്കമുള്ളവരായി തീര്‍ക്കുക എന്നതുമാത്രമായിരിക്കും വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം 

പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ തന്നെ 6, 7, 8 ക്ലാസ്സുകളില്‍ നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലംബിങ്ങ്, വയറിംഗ്, നിര്‍മ്മാണ മേഖലകൾ, ഇലക്ട്രേണിക്സ്, കന്പ്യൂട്ടര്‍ ടെക്നീഷ്യന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളാവുന്ന തൊഴിലധിഷ്ഠിത (വൊക്കേഷണല്‍) മേഖലകളിലേക്ക് പകുതിയോളം വിദ്യാര്‍ത്ഥികളെ തിരിച്ചു വിടണമെന്നാണ് പുതിയ നയം ലക്ഷ്യമിടുന്നത്. നേരത്തെ പറഞ്ഞ വൊക്കേഷണല്‍ തൊഴിലുകള്‍ക്ക് വലിയ വരുമാനം വിദേശരാജ്യങ്ങളില്‍ നിയമം മൂലം ഉറപ്പുവരുത്തുന്നത്കൊണ്ട് ഈ പദ്ധതി തൊഴിലാളികള്‍ക്കനുകൂലമായി അവിടങ്ങളിൽ നടപ്പിലാക്കപ്പെടുന്നുണ്ടെങ്കിലും, ജാതിവിവേചനം പോലെ ജോലി തിരിച്ചുള്ള ഒരു നിര്‍ബന്ധിത വിവേചനത്തിന് ഭാരതത്തിൽ ഇത് കാരണമാകുമോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ പ്രശ്നത്തെ അതിജീവിക്കുവാന്‍ സാധിക്കയാണെങ്കില്‍ വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് കൊടുക്കുന്ന പ്രാമുഖ്യം, ചൈന ഉപേക്ഷിച്ച് പോകുന്ന മാനുഫാക്ചറിംങ്ങ്, ഉത്പാദനമേഖലകളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍, ലോകത്തിലെ ഏറ്റവും വലിയ യുവപൗരസഞ്ചയമുള്ള   ഭാരതത്തെ പ്രാപ്തമാക്കും.

കൂടുതൽ ചർച്ച ആവശ്യം, തിയതി നീട്ടണം 

2016-ല്‍ സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായിരിക്കെ ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷനായ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് നോക്കുമ്പോൾ രാഷ്ട്രീയമായ വാങ്ങലുകള്‍ വളരെ കുറച്ച്, കൂടുതല്‍ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള കരടുരേഖ എന്നുവേണം വിലയിരുത്താന്‍. അത് സ്വാഗതം ചെയ്യപ്പെടേണ്ട വ്യത്യാസം തന്നെയാണ്. എന്നാൽ തന്നെയും, വിദ്യാഭ്യാസത്തെ കോർപ്പറേറ്റുവത്ക്കരിക്കാനും അതികേന്ദ്രവത്ക്കരിക്കാനുമുള്ള നീക്കങ്ങൾ ഉണ്ടെന്നുള്ള സംശയം ഉള്ളത് കൊണ്ടും ഇത്തരം പേടികളെ ദൂരീകരിക്കുവാനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ ഉരുത്തിരിയുവാനുള്ള സമയം ഈ മുപ്പതാം തിയതിക്കുള്ളിൽ ഒരിക്കലും ലഭിക്കില്ല എന്നത് കൊണ്ടും നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി നിർബന്ധമായും നീട്ടേണ്ടിയിരിക്കുന്നു. ആത്യന്തികമായി നാലാം വ്യാവസായിക വിപ്ലവത്തിനും അതിനപ്പുറവും രാജ്യത്തെ സജ്ജമാക്കുവാന്‍ ഈ നയരേഖയ്ക്ക് സാധിക്കുമെന്ന ശുഭപ്രതീക്ഷയാണ് ഈ സംവാദങ്ങളില്‍ സജീവമാകുവാന്‍ നമ്മെ പ്രചോദിപ്പിക്കേണ്ടത്.

Weblink: https://epaper.deepika.com/c/40783943

5bd6d1eb-9b00-4747-a883-5fe61212943c

Comments are closed.