ചാവറയച്ചന്റെ വഴിയില്‍ ഒരു കര്‍മ്മയോഗി

 

1805 ഫെബ്രുവരി പത്താം തീയതി ജനിച്ച ചാവറയച്ചന്‍റെ ഇരുന്നൂറാം ചാവറജയന്തി ആഘോഷിച്ചത് 2005-ല്‍ ആയിരുന്നു. അന്നു കരിയില്‍ പിതാവു ചാവറയച്ചന്‍ ഇരുന്ന കസേരയെന്ന് അവകാശപ്പെടാവുന്ന സിഎംഐ സഭയുടെ ജനറാള്‍. ആ വര്‍ഷം പട്ടമേല്‍ക്കേണ്ട 45 സിഎംഐ ഡീക്കന്മാരെ ജെറുസലേം ധ്യാനകേന്ദ്രത്തിന്‍റെ വി. അള്‍ത്താരയില്‍ എത്തിച്ചു ജനുവരി രണ്ടാം തീയതി ഒരുമിച്ചു പട്ടം കൊടുത്തു ചാവറജയന്തിയാഘോഷങ്ങള്‍ക്കു ഭക്തിനിര്‍ഭരമായ തുടക്കം കുറിക്കാന്‍ മുന്‍കയ്യെടുത്തപ്പോള്‍ വെളിവായതു കരിയില്‍ പിതാവിന്റെ ചാവറയച്ചനോടുള്ള സവിശേഷഭക്തി മാത്രമല്ല, സംഘടനാമികവുകൂടെയായിരുന്നു. പിന്നീടു 2014 നവംബര്‍ 23-ാം തീയതി ചാവറയച്ചന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കരിയില്‍ പിതാവു രാജഗിരി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറായി കാക്കനാട്ട് സേവനം ചെയ്യുന്നു. ഏതോ ദൈവനിയോഗം പോലെ ചാവറയച്ചന്‍റെ നാമകരണപ്രഖ്യാപനത്തിന്‍റെ ദേശീയ ആഘോഷത്തിനു വേദിയൊരുക്കാന്‍ കാക്കനാട്ടെ രാജഗിരി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിനു സാരഥ്യം വഹിക്കുവാനും ചുമതലപ്പെട്ടതു കരിയില്‍ പിതാവു തന്നെ. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ ആദ്ധ്യാത്മീകചൈതന്യം തുളിമ്പി നിന്ന അന്നത്തെ ആഘോഷപരിപാടികളും തിരുബലിയും അന്നതില്‍ സംബന്ധിച്ച പതിനായിരങ്ങളുടെ ഹൃദയങ്ങളില്‍ മാത്രമല്ല, കേട്ടറിഞ്ഞ ജനലക്ഷങ്ങളിലും മായാത്ത മുദ്രയാണു പതിപ്പിച്ചത്.

വി.ചാവറയച്ചന്‍റെ ചരിത്രവഴികളിലൂടെ അഭേദ്യമാംവിധം അനുയാത്ര ചെയ്യുന്നതിനാലാകാം ആകമാന സുറിയാനിസഭയുടെ വികാരിജനറാളായി പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ ശാന്തമായു ദൃഢമായും മുന്നോട്ടു നയിച്ച ചാവറപിതാവിനു സദൃശമായ സമാധാന ദൗത്യവുമായി സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുവാനുള്ള വിളി കരിയില്‍ പിതാവിനു ലഭിക്കാന്‍ കാരണം. ഈ സവിശേഷമായ ശുശ്രൂഷാദൗത്യം നിര്‍വ്വഹിക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിതന്നെയാണു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് എല്ലാ വേലിക്കെട്ടുകളെയും അതിര്‍വരമ്പുകളെയും അതിലംഘിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നിയമന വാര്‍ത്തയ്ക്കു ലഭിച്ച സ്വീകാര്യത. സീറോ മലബാര്‍ സഭയോടൊപ്പം സിഎംഐ സഭയുടേയും വലിയ സന്തോഷത്തിന്‍റെ കാരണമാണിന്നദ്ദേഹം. ഈ പുതിയ ദൗത്യത്തിന്‍റെ വിജയത്തിനായി കരിയില്‍ പിതാവിന് എല്ലാ പ്രാര്‍ത്ഥനാശംസകളും അതോടൊപ്പം അനുമോദനങ്ങളും.

കരിയില്‍ പിതാവ് നടന്ന വഴികളെക്കുറിച്ചറിയുന്നവര്‍ക്ക് ഈ ദൗത്യലബ്ധി ഒരത്ഭുതമായി തോന്നാനിടയില്ല. 1977ല്‍ പട്ടമേറ്റ അദ്ദേഹം 1989ല്‍ തന്‍റെ 39-ാം വയസ്സില്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജിന്‍റെ പ്രിന്‍സിപ്പാളായി സ്ഥാനമേറ്റു. ക്രൈസ്റ്റ് കോളേജിനെ ഇന്നു കാണുന്ന ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയാക്കുവാന്‍ കരിയില്‍ പിതാവു നല്കിയ സംഭാവനകളെ സിഎംഐ സഭയ്ക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കുകയില്ല. കൂട്ടായ പ്രവര്‍ത്തനവും ദൃഢതയാര്‍ന്ന തീരുമാനങ്ങളും എന്നും കരിയില്‍ പിതാവിന്‍റെ മുഖമുദ്രകളായിരുന്നു. തുടര്‍ന്നു രാജഗിരി കോളേജിന്‍റെ പ്രിന്‍സിപ്പാള്‍, സിഎംഐ സഭയുടെ ജനറാള്‍, രാജഗിരി തിരുഹൃദയ പ്രവിശ്യയുടെ പ്രോവിന്‍ഷ്യാള്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നലംതികഞ്ഞ ഭരണകര്‍ത്താവെന്ന പേരു സമ്പാദിച്ചു. ഒടുവില്‍ രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറായിരിക്കുമ്പോഴാണ് 2015 ഒക്ടോബര്‍ 15ന് മാണ്ഡ്യ രൂപതയുടെ പിതാവായി അഭിഷിക്തനാകുന്നത്. അതിനുശേഷം നാലുവര്‍ഷത്തിനുള്ളില്‍ പ്രത്യേകമായ ദൈവികതിരഞ്ഞെടുപ്പിലൂടെ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തപ്പെടുന്നു. പതിനഞ്ചു മെത്രാന്മാര്‍ കടന്നുപോയിട്ടുള്ള സിഎംഐ സഭയിലെ ആദ്യത്തെ മെത്രാപ്പോലീത്തയാണ് കരിയില്‍ പിതാവെന്ന പ്രത്യേകതയുമുണ്ട്. ബാക്കി ഇന്നു ജീവിച്ചിരിക്കുന്ന പത്തു സിഎംഐ മെത്രാന്മാരില്‍ ആക്ടീവ് മിനിസ്ട്രിയിലുള്ള മൂന്നു മെത്രാന്മാരില്‍ ഒരാളുമാണു കരിയില്‍ പിതാവ്.

പടച്ചോന്‍റെ പേരില്‍ കടകാലിയാക്കി പുടവകൊടുത്തവരും ഉയരെടുത്തു പായും ജലപ്രളയത്തെ പിടിച്ചു കെട്ടിയവരുമായ ഒരുപാടു ആളുകളുടെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി കരുണാമയനായ ക്രിസ്തുവിന്‍റെ ഹൃദയം പകുത്തു കൊടുത്തുകൊണ്ടു മറ്റൊരു ദര്‍ശനവീടായി മാറാനും തന്നിലേല്പ്പിച്ചിരിക്കുന്ന ദൗത്യങ്ങളും പ്രതീക്ഷകളും പൂര്‍ത്തിയാക്കുവാനും സ്നേഹനിധിയായ ദൈവം കരിയില്‍ പിതാവിനെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

ഫാ. ഡോ. ജെയ്സണ്‍ മുളേരിക്കല്‍ സി.എം.ഐ.Mandya diocese supplement 2019_8 page

Mandya diocese supplement 2019_8 page-2

Comments are closed.