വിവരസ്വകാര്യത: പുതിയ മനുഷ്യനെ ധരിക്കുവാനുള്ള അവകാശം

ഹോളിവുഡ് സിനിമാക്കഥപോലെയാണ് കുറച്ച് നാളുകളായി നമ്മുടെ ജീവിതം. 2011-ല്‍ ഇറങ്ങിയ Contagion (പകര്‍ച്ചവ്യാധി) എന്ന സിനിമ, ശ്വസനപ്രക്രിയയിലൂടെയുണ്ടാകുന്ന സൂ ക്ഷ്മശ്രവബിന്ദുക്കളിലൂടെ പകരുന്ന ഒരു പകര്‍ച്ചവ്യാധി ചൈനയില്‍നിന്നും ആരംഭിച്ച് ലോകം മുഴുവന്‍ പടരുന്നതിനെക്കുറിച്ചാണ്. മാറ്റ് ഡാമനും, കേറ്റ് വിന്‍സ്‌ലെ റ്റും തകര്‍ത്തഭിനയിച്ച ആ സിനി മാക്കഥ പോലെ തന്നെയാണ് ഈ കോവിഡ് കാലത്ത് നമ്മുടെ ജീവിതം. ഏകദേശം രണ്ട് രണ്ടരവര്‍ഷം കൊണ്ട് പുതിയ വാക്‌സിന്‍ കണ്ടുപിടിച്ച് ഘട്ടംഘട്ടമായി ലോകമെങ്ങും വിതരണം ചെയ്തതിനു ശേഷം മാത്രമാണ് ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവരെല്ലാം പഴയജീവിതത്തിലേക്ക് തിരിച്ച് വരുന്നുള്ളൂ, ആ സിനിമയില്‍.

2015-ല്‍ ബില്‍ഗേറ്റ്‌സ് നടത്തിയ ഒരു ടെഡ് ടോക്കാണ് മറ്റൊരു സംസാരവിഷയം. അടുത്ത പത്തുവര്‍ഷത്തിനിടയില്‍ പത്തു മില്യന്‍ (ഒരു കോടി) ആളുകളെ കൊന്നൊടുക്കുന്ന ഒരു ദുരന്തം ഉണ്ടാകുമെങ്കില്‍ അത് ഒരു ന്യൂക്ലിയര്‍ ബോംബ് ആയിരിക്കില്ലയെന്നും മറിച്ച്, അത് ഒരു മഹാമാരിയായി കടന്നുവരുന്ന ഒരു വൈറസ് മൂലമായിരിക്കുമെന്നും വളരെ കൃത്യമായി ബില്‍ഗേറ്റ്‌സ് പ്രവചിക്കുന്നുണ്ടവിടെ. ഈ സിനിമകളിലെയും പ്രവചനങ്ങളിലെയും അതിശയകരമായ സമാനതകള്‍ നാം ജീവിച്ചിരിക്കുന്ന കാലഘട്ടത്തു തന്നെ കാണുമ്പോഴാണ് പലപ്പോഴും പല ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വരെ ഉയര്‍ന്ന് വരുന്നത്. ഇവര്‍ക്കെല്ലാം ഇതെല്ലാം അറിയാമായിരുന്നെന്നും, ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്കാനുള്ള ഒരു മറയാണിതെന്നും, അങ്ങനെ ആ വാക്‌സിനേഷനിലൂടെ എല്ലാ ജനങ്ങളെയും നിയന്ത്രിക്കാനുള്ള ഗൂഢാലോചനയാണ് കോവിഡ് എന്നുവരെ ചിലര്‍ പറഞ്ഞുവച്ച് കളയുന്നുണ്ട്.
മനുഷ്യന്റെ സ്വകാര്യതയിലേക്ക്, അവരെ ശരീരത്തിന്റെ ഉള്ളിലേക്ക് വരെ കടന്നുചെന്ന്, അവനെ നിയന്ത്രിക്കുവാനുള്ള പരിശ്രമങ്ങള്‍ കോര്‍പ്പറേറ്റുകളും, സ്വേച്ഛാധിപതികളും, ഭരണകൂടങ്ങളും നടത്താമെന്ന ചിന്തയും ഭയവും ഇന്നും, ഇന്നലെയും തുടങ്ങിയതല്ല. അത്തരമൊരു സാദ്ധ്യത രാഷ്ട്രീയ അധികാരങ്ങള്‍ നിലനിറുത്താനും, സ്വേച്ഛാധിപത്യ അധികാരങ്ങള്‍ കൈക്കൊള്ളാനും, വംശീയവും വര്‍ഗ്ഗപരവു മായ വിവേചനത്തിനും സാമ്പ ത്തിക വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഉപയോഗിക്കാമെന്നതാണ് സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകളെ ചൂട് പിടിപ്പിക്കുന്നത്.

സിനിമാക്കഥ പോലെ ജീവിതം മാറിയിരിക്കുന്നതുകൊണ്ട് വീണ്ടും സിനിമാക്കഥകളിലേക്ക് കടന്നുവരാം. 2004-ല്‍ ഇറങ്ങിയ ”ഐ റോബോട്ടും”, 2008-ല്‍ ഇറങ്ങിയ ”ഈഗിള്‍ ഐ”യും പ്രമേയത്തിലെ സമാനതകൊണ്ടും, ഫ്യൂച്ചറിസ്റ്റിക് ആണെങ്കിലും നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നമ്മെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്ന കഥാതന്തുകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നവയാണ്. രണ്ടു സിനിമകളിലേയും വില്ലത്തിമാര്‍ വിക്കിയും, ആരിയായുമാണ്. രണ്ടുപേരും മനുഷ്യരല്ല. പകരം സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ പെറ്റാബൈറ്റ് കണക്കിന് ഡേറ്റ അരിച്ച് വിശകലനം ചെയ്യുന്ന അല്‍ഗൊരിതങ്ങളാണ്. മനുഷ്യന്‍ തന്നെ നിമിച്ച അല്‍ഗൊരിതങ്ങള്‍ മനുഷ്യന്റെ തന്നെ ഡേറ്റ വിശകലനം ചെയ്ത്, മനുഷ്യര്‍ ചെയ്യുന്നത് ശരിയല്ലെന്ന് അനുമാനിച്ച്, മനുഷ്യരെ തന്നെ ഇല്ലാതാക്കി, പുതിയ ലോകക്രമം ഉണ്ടാക്കുവാന്‍ ഇറങ്ങി തിരിക്കുന്നതാണ് ഇതിവൃത്തം. ഇതൊരു സാദ്ധ്യതയാണ്. ഇതിനെയാണ് Singularity (ഏകത്വം) എന്ന് ഗണിത, വിവരസാങ്കേതിക ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്നത്.

പ്രശസ്ത ഹംഗേറിയന്‍-അമേരിക്കന്‍ ഗണിത ശാസ്ത്രകാരനായ ജോണ്‍ വോണ്‍ ന്യൂമാനാണ് ”സിംഗുലാരിറ്റി” എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതെങ്കിലും മറ്റൊരു ഗണിത ശാസ്ത്രകാരനായ വെര്‍ണര്‍ വിന്‍ജാണ് ഈ ആശയത്തെ തന്റെ സയന്‍സ് ഫിക്ഷന്‍ കഥകളിലൂടെ പ്രചാരം കൊടുത്തത്. സ്വയം മെ ച്ചപ്പെടുത്താന്‍ കഴിവുള്ള (Deep Learning) കംപ്യൂട്ടര്‍ അല്‍ഗൊരിതങ്ങള്‍, ലോകത്തെ അടക്കി ഭരിക്കുന്ന ബിഗ്‌ഡേറ്റായെ ഒരു മനുഷ്യബുദ്ധിക്കും സാധ്യമാകാത്ത വിധം വിശകലനം ചെയ്ത് അതി വിശിഷ്ടബുദ്ധി (Super Intelligence) കൈവരിക്കുമെന്നും ഒടുവില്‍ മെഷീനുകള്‍ – കംപ്യൂട്ടറുകളും, റോബോട്ടുകളും – ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുമുള്ള സാദ്ധ്യതയാണ് ഠലരവിീഹീഴശല െടശിഴൗഹമൃശ്യേ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് ”ടെര്‍മിനേറ്റര്‍” ശാഖയിലുള്ള നാലഞ്ചോളം ഹോളിവുഡ് സിനിമകള്‍ ഇറങ്ങിയിരിക്കുന്നത് തന്നെ.

ഇതൊക്കെയെല്ലാം സിനിമാ ക്കഥപോലെ കെട്ടുകഥകളാണെന്ന് നമുക്ക് തോന്നാമെങ്കിലും, അവയുടെ അടിസ്ഥാന സങ്കല്പങ്ങളെ അങ്ങനെ തള്ളിക്കളയാനാവില്ല എന്നാണ് ഹാര്‍വാര്‍ഡ് പ്രൊഫസറായ ശോശന്ന സ്യൂബോഫിന്റെ അഭിപ്രായം. ”നിരീക്ഷണ മുതലാളിത്ത വ്യവസ്ഥിതിയുടെ കാലഘട്ടം” (The Age of Surveillance Capitalism) എന്ന തന്റെ പുസ്തകത്തിലൂടെ ഗൂഗിളും, ഫേസ്ബുക്കുമടങ്ങുന്ന കോര്‍പ്പറേറ്റുകളും, ഭരണകൂടങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളെ എങ്ങനെയാണ് ദുരുപയോഗിക്കുന്നതെന്നു വ്യക്തമായി വിവരിക്കുന്നുണ്ട്.
സിംഗുലാരിറ്റി സിദ്ധാന്തം പറയുന്നതുപോലെ മെഷീനുകള്‍ സ്വന്തമായി കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തുവാന്‍ തുടങ്ങിയിട്ടില്ല എന്നേയുള്ളൂ, അതിനു മുമ്പിലുള്ള പടിയില്‍ ശക്തരായ വ്യക്തികളും, പ്രസ്ഥാനങ്ങളും, ബിസിനസ്സുകളും, ഭരണകൂടങ്ങളും. ജനങ്ങളെ, അവരുടെ തന്നെ അവകാശമായ, അവരുടെ ഡേറ്റകൊണ്ട്, ആ ഡേറ്റയെ മറ്റ് അനുപൂരകങ്ങ ളായ ഡേറ്റയുമായി ബന്ധിപ്പിച്ച് കൊണ്ട്, നിയന്ത്രിച്ചും തുടങ്ങിയി ട്ടുണ്ട്.

മദ്ധ്യവയസ്‌കനായ ഒരുഅച്ഛന്റെ ഇ-മെയില്‍ ഇന്‍ബോക്‌സിലേക്ക് തുണിക്കടയായ ടാര്‍ഗറ്റിന്റെ (Target) ഒരു പരസ്യ ഇമെയില്‍ വരുന്നു. താങ്കളുടെ മകളുടെ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് കുട്ടിയുടുപ്പുകള്‍ ഡിസ്‌കൗണ്ടോടെ വാങ്ങൂ. അദ്ദേഹം അന്തം വിട്ടുനില്‍ക്കുന്നു. കോളേജില്‍ പോകുന്ന തന്റെ മകളുടെ കുട്ടിക്ക് കുട്ടിയുടുപ്പോ? പക്ഷേ, അച്ഛനും മകളും തമ്മിലുള്ള തുറന്ന സംഭാഷണത്തിലൂടെ അച്ഛന് കാര്യം മനസ്സിലായി. തന്റെ മകള്‍ ഗര്‍ഭിണിയാണ്. മകള്‍ പറയാന്‍ തീരുമാനിക്കുന്നതിനു മുമ്പേ തുണിക്കട അത് എങ്ങനെ അറിഞ്ഞു? അറിഞ്ഞത് ഗൂഗിളാണ്. പെണ്‍കുട്ടി തീവ്രമണമുള്ള ഷാംപൂ മാറ്റി, വളരെ ന്യൂട്ട്രലായ ഷാംപൂ തിരഞ്ഞെടുക്കുന്നത് ഗൂഗിള്‍ ശ്രദ്ധിച്ചു. പൊതുവെ ഗര്‍ഭിണികള്‍ക്ക് ഘ്രാണശക്തികൂടാമെന്ന അറിവും പെണ്‍കുട്ടിയുടെ മറ്റ് തിരഞ്ഞെടുപ്പുക ളും കൂട്ടിവായിച്ച് പെണ്‍കുട്ടി ഗര്‍ഭിണിയായിരിക്കാനാണ് സാദ്ധ്യതയെന്ന് ഗൂഗിള്‍ അനുമാനിച്ചു. ആ അനുമാനം തുണിക്കടയ്ക്ക് വിറ്റ് കാശാക്കി.
ഡേറ്റാ അനാലിസിസിന്റെ അതുല്യമായ ശക്തിയാണത്.

തീരെ നിസ്സാരമെന്ന് കരുതുന്ന അറിവിന്റെ ശകലങ്ങളെ ഒരുമിച്ച് ചേര്‍ത്ത് വ്യക്തികളുടെ സ്വഭാവത്തിന്റെയും, താത്പര്യങ്ങളുടെയും, ആഭിമുഖ്യങ്ങളുടെയും ചായ്‌വുകളെപോലും തിരിച്ചറിഞ്ഞ് വില്പന ചരക്കുകളാക്കുവാനും, അ വരെ നിയന്ത്രിക്കുവാനും ഡാറ്റയ്ക്ക് കഴിയും. അതുകൊണ്ടാണ് പുതുനൂറ്റാണ്ടിലെ എണ്ണ പണത്തിന് തുല്യമാണ് ഡേറ്റയെന്ന് പറയുന്നത്.

അതുകൊണ്ട് തന്നെ ഡേറ്റയുടെ സ്വകാര്യതയെ ഒരു ചെറിയ കാര്യമായി കാണുവാന്‍ സാധിക്കയില്ല. സ്പ്രിംങ്ക്‌ളറും, ആരോഗ്യസേതു ആപ്പുമെല്ലാം ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ വിവാദങ്ങളായി മാറുന്നതും, മാറേണ്ടതും അതുകൊണ്ട് തന്നെയാണ്. മനുഷ്യരുടെ മറക്കപ്പെടാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരമാണത്. മാരിയോ കൊസ്‌റ്റേയ എന്ന തങ്ങളുടെ പൗരന് വേണ്ടി സ്പാനിഷ് സര്‍ക്കാരാണ് ആദ്യമായി ഈ അവകാശത്തിനു വേണ്ടി ഗൂഗിളിനെതിരെ ശബ്ദിച്ചത്. ഒരിക്കല്‍ പാപ്പരായ തന്റെ പാപ്പര ത്വത്തെക്കുറിച്ചുള്ള എല്ലാ ഡേറ്റയും, മെറ്റഡേറ്റയും ഇന്റര്‍നെറ്റില്‍ നിന്നും നീക്കിത്തരണമെന്നും, പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുവാനുള്ള അവസരം തരണമെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ സ്പാനിഷ് സര്‍ക്കാര്‍ ആ കേസ് ജയിക്കുകയും, 2014-ല്‍ ”മറക്കപ്പെടുവാനുള്ള അവകാശം” നിയമമാകുകയും ചെയ്തു. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 21-ാം അനുശ്ചേദം വ്യാഖ്യാനിച്ചു കൊണ്ട്, സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് പറയാന്‍ 2019-വരെ നാം കാത്തിരിക്കേണ്ടി വന്നു.

ഡേറ്റയുടെ നൈതികത, സ്വകാര്യതയുടെ നൈതികത തന്നെയാണ്. ഡേറ്റയിലും, ഡേറ്റാ വിശകലനത്തിലും, കൃത്രിമബുദ്ധിയിലും, യന്ത്രമാനുഷീക സങ്കേതങ്ങളിലും ചുവടുറപ്പിച്ച് മുന്നേറാന്‍ തയ്യാറെടുക്കുന്ന നാലാം വ്യാവസായിക വിപ്ലവകാലത്തും, രോഗസാദ്ധ്യതയുള്ളവരില്‍ നി ന്നും സാമൂഹിക അകലം പാലിക്കുവാന്‍ കോണ്‍ടാക്റ്റ് ട്രേസിംഗ് നടത്തുന്ന കോവിഡ് കാലത്തുമെല്ലാം, ഡാറ്റാ വിശകലനത്തിന്റെ സാദ്ധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. എങ്കി ലും, ഡാറ്റയുടെ ശരിയായ, ഏറ്റം മിതമായ ഉപയോഗത്തിനും, വ്യക്തികളുടെ സ്വത്വം മറച്ചുവച്ചുള്ള ഉപയോഗത്തിനും, ശരിയായ കാര്യത്തിനായി ഉപയോഗിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായി മറക്കപ്പെടുവാനുമുള്ള അവകാശത്തിനും ഉതകുന്ന ശക്തമായ നിയമനിര്‍മ്മാണങ്ങളും, മുന്‍കരുതലുകളുമാണ് ഇന്നിന്റെ ആവശ്യം.

An article published in Satydeepam, May 13, 2020 Edition.

data-privacy1

data-privacy2

Comments are closed.